മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിൽ ഭജനയിരിക്കാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിൽ ഭജനയിരിക്കാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. റമദാൻ അവസാന പത്ത് ദിവസം ഭജനയിരിക്കുന്നവരാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടത്.
മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിൽ വിശുദ്ധ റമദാനിൽ ഇഅതികാഫ് അഥവാ ഭജനയിരിക്കാനുള്ള മാർഗ നിർദേശങ്ങൾ ഹറംകാര്യ വിഭാഗം പ്രസിദ്ധീകരിച്ചു. ഇഅതികാഫ് ഇരിക്കാൻ താൽപര്യമുള്ള വിശ്വാസികൾ മുൻകൂട്ടി ഓൺലൈൻ വഴിയോ ഹറം പള്ളികളിൽ നേരിട്ടെത്തിയോ അപേക്ഷിക്കണം. റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിൽ ഇഅതികാഫ് ഇരുക്കുന്നവരാണ് അപേക്ഷിക്കേണ്ടത്. മക്കയിലെ മസ്ജിദുൽ ഹറം പള്ളിയിൽ ഇഅതികാഫ് ഇരിക്കാൻ ഇന്ന് മുതൽ റമദാൻ പത്ത് വരെ അപേക്ഷ സ്വീകരിക്കും.
മദീനയിലെ മസ്ജിദുന്നബവി പള്ളിയിൽ ഇഅതികാഫ് ഇരിക്കാൻ ഇന്ന് മുതൽ റമദാൻ പതിനഞ്ച് വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷിച്ചവർക്കുള്ള അനുമതിപത്രം റമദാൻ പതിനാറ് മുതൽ പത്തൊമ്പത് വരെ ഹറം പള്ളികളിൽ നിന്ന് വിതരണം ചെയ്യും.
അപേക്ഷകർ പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ളവരായിരിക്കണം. വിശ്വാസികൾ കൂടി നിൽക്കുന്ന ഭാഗത്തോ, സ്ത്രീപുരുഷൻമാർ ഇടകലരുന്ന ഭാഗങ്ങളിലോ ഇഅതികാഫ് ഇരിക്കാൻ പാടില്ല. ഇഅതികാഫ് ഇരിക്കുന്നവർ ഹറം പള്ളിയുടെ പവിത്രതയും നിയമാവലികളും പാലിക്കാൻ ബാധ്യസ്ഥരാണ്. ഹറം പള്ളികളിലെ ഉദ്യോഗസ്ഥരുമായി സഹകരിക്കണം. ഇഅതികാഫിനുള്ള അനുമതിപത്രം മറ്റുള്ളവർക്ക് കൈമാറാൻ പാടില്ല. നിസ്‌കാരസമയത്ത് ഉറങ്ങാൻ പാടില്ല. വിലപ്പെട്ട സാധനങ്ങൾ നഷ്ടപ്പെട്ടാൽ ഹറംകാര്യ വിഭാഗത്തിനു ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല. ഇവയുൾപ്പെടെയുള്ള നിബന്ധനകൾ അംഗീകരിക്കുന്നവർക്ക് മാത്രമേ ഇഅതികാഫിനുള്ള അനുമതി നൽകുകയുള്ളൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here