മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു; ഇന്ത്യയുടെ വൻ നയതന്ത്ര നേട്ടം

ഇന്ത്യയുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിൽ പാക്കിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിനെ യുഎൻ രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു.  ഇക്കാര്യത്തിലുണ്ടായിരുന്ന എതിർപ്പ് ചൈന പിൻവലിച്ചതിനെ തുടർന്നാണ് മസൂദിന്റെ പേര് ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയത്. നാലു വർഷത്തിനു ശേഷമാണ് ചൈനയുടെ നിലപാട് മാറ്റം. ഇന്ത്യയുടെ വൻ നയതന്ത്ര വിജയമാണിത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചെന്ന വിവരം യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീനാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

മസൂദ് അസറിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യയും അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ യുഎൻ രക്ഷാസമിതിയിൽ പല തവണ പ്രമേയം കൊണ്ടു വന്നിരുന്നെങ്കിലും ചൈന ഇതിനെതിരെ രംഗത്തു വരുകയായിരുന്നു. പുൽവാമ ഉൾപ്പെടെ ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളിൽ ജെയ്‌ഷെ മുഹമ്മദിനും മസൂദ് അസറിനുമുള്ള പങ്ക് ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ ഇന്ത്യ വിജയിച്ചതിന്റെ ഫലം കൂടിയാണ്  മസൂദ് അസറിനെതിരെയുള്ള നപടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More