പൻസാരെ, ധബോൽക്കർ, ഗൗരി ലങ്കേഷ് വധത്തിന് പിന്നിൽ വലതുപക്ഷ തീവ്രവാദി എം ഡി മുർളിയെന്ന് എടിഎസ്

2008 മുതൽ രാജ്യത്ത് നടന്ന പല സ്ഫോടനങ്ങൾക്കും പിന്നിൽ ഒളിവിൽ കഴിയുന്ന വലതുപക്ഷ തീവ്രവാദിയായ എം ഡി മുർളിയാണെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്. നരേന്ദ്ര ദബോൽക്കർ, കൽബുർഗി, ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് വധത്തിനു പിന്നിലെ മുഖ്യ സൂത്രധാരനും ഇയാളാണെന്ന് എടിഎസ് പറയുന്നു.
2018ൽ ആഗസ്റ്റിൽ സനാതൻ സൻസ്ത അനുകൂലിയായ വൈഭവ് റൗത്തിന്റെ വസതിയിൽ എടിഎസ് റെയ്ഡ് നടത്തിയപ്പോഴാണ് മുർളിയുടെ പേര് ഉയർന്നുകേട്ടത്. റെയ്ഡിൽ വലിയ തോതിൽ ആയുധങ്ങൾ കണ്ടെത്തിയിരുന്നു. പിന്നീട് സനാതൻ സൻസ്ത അനുകൂലികളായ ശരത് കലാസ്‌കർ, സുധൻവ ഗോന്ധാലേക്കർ, ശ്രീകാന്ത് പാങ്കാർകർ, അവിനാഷ് പവാർ എന്നിവരുടെ പങ്ക് വെളിവാകുകയും ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇവരും മുർളിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. എന്നാൽ മുർളിയെ തങ്ങൾ നേരിട്ട് കണ്ടിട്ടില്ലെന്നും അമോൽ കാലെയെന്ന വ്യക്തിയാണ് അദ്ദേഹത്തിന്റെ നിർദേശങ്ങൾ തങ്ങളെ അറിയിക്കാറുള്ളതെന്നുമാണ് പ്രതികൾ പറഞ്ഞത്. പിന്നീട് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് കർണാടക സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കാലെയെ അറസ്റ്റു ചെയ്തിരുന്നു.
2018ൽ മുർളിയെ കണ്ടെത്താനായി ഗോവയിലും ഔറംഗാബാദിലും എടിഎസ് സംഘം ചെന്നിരുന്നു. പക്ഷേ അയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. മുർളിയുടെ ചിത്രം തങ്ങളുടെ പക്കലുണ്ടെന്നാണ് എടിഎസ് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here