പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം സർക്കാർ സംവിധാനം ഉപയോഗിച്ചെന്ന് കെ.സുരേന്ദ്രൻ

പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം സർക്കാർ സംവിധാനം ഉപയോഗിച്ചെന്ന ആരോപണവുമായി എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. പോലീസ് ക്യാമ്പ് പോസ്റ്റൽ വോട്ട് പിടിച്ചെടുക്കുന്നതിനുള്ള സിപിഎം കേന്ദ്രമാക്കി. സ്ഥലം മാറി വന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പോസ്റ്റൽ വോട്ടിൽ വ്യാപകമായി തിരിമറി നടത്തി. 450 ജീവനക്കാരുടെ വോട്ടുകൾ സിപിഎം ഇത്തരത്തിൽ സ്വന്തമാക്കിയതായും എൻജിഒ യൂണിയൻ സാമൂഹിക വിരുദ്ധ സംഘടനയായി മാറിയെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
കളക്ട്രേറ്റിൽ ഇരുന്നു പോലും ഉദ്യോഗസ്ഥർ സർക്കാരിന്റെ താൽപ്പര്യം സംരക്ഷിക്കാൻ ശ്രമിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ക്രമക്കേടിന് കൂട്ടു നിന്നിട്ടുണ്ട്.ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
തന്റെ ഫേസ്ബുക് പോസ്റ്റ് കണ്ട് താൻ പരാജയപ്പെടുമെന്ന് സിപിഎമ്മും കോൺഗ്രസും ആശ്വസിക്കുന്നു. പത്തനംതിട്ടയിൽ യഥാർത്ഥത്തിൽ പിണറായി വിജയനാണ് മത്സരിച്ചത്. വീണ ജോർജ് വെറുമൊരു സ്ഥാനാത്ഥി മാത്രമായിരുന്നു ഓർത്തഡോക്‌സ് സഭാ നേതൃത്വത്തെ കൊണ്ട് വീണയ്ക്കാണ് പിന്തുണയെന്ന് മുഖ്യമന്ത്രി പറയിപ്പിച്ചതാണ്.സമുദായ സംഘടനാ നേതാക്കളെ മുഖ്യമന്ത്രിയുടെ ഓഫീസ് ഭീഷണിപ്പെടുത്തിയെന്നും സുരേന്ദ്രൻ ആരോപിച്ചു.