Advertisement

പാണ്ഡേയുടെ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ചുറി പാഴായി; സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ മുംബൈക്ക് ആവേശ ജയം

May 3, 2019
Google News 0 minutes Read

സൺ റൈസേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ഉജ്ജ്വല ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലായിരുന്നു മുംബൈയുടെ ജയം. സൂപ്പർ ഓവറിൽ 9 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈ മൂന്ന് പന്തുകൾ മാത്രം നഷ്ടപ്പെടുത്തി വിജയം കുറിച്ചു. ജയത്തോടെ മുംബൈ പ്ലേ ഓഫ് സ്പോട്ട് ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമായി. ഈ ഐപിഎല്ലിലെ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ചുറി കണ്ടെത്തിയ മനീഷ് പാണ്ഡെയുടെ ബാറ്റിംഗ് മികവിലാണ് സൺ റൈസേഴ്സ് മത്സരം സൂപ്പർ ഓവറിലേക്കെത്തിച്ചത്. പാണ്ഡെയ്ക്കൊപ്പം അവസാന ഓവറുകളിൽ കൂറ്റനടികൾ നടത്തിയ മുഹമ്മദ് നബിയും സൺ റൈസേഴ്സിനു വേണ്ടി തിളങ്ങി.

മുംബൈ ബൗളർമാരെ നാലു പാടും തല്ലിച്ചതച്ചാണ് സൺ റൈസേഴ്സ് ഇന്നിംഗ്സ് ആരംഭിച്ചത്. നാലാം ഓവറിൽ 15 പന്തുകളിൽ 25 റൺസെടുത്ത വൃദ്ധിമാൻ സാഹ മടങ്ങിയെങ്കിലും 40 റൺസ് സൺ റൈസേഴ്സ് സ്കോർ ചെയ്തിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ഉജ്ജ്വല ഫോം തുടർന്ന മനീഷ് പാണ്ഡെയും ധ്രുതഗതിയിൽ സ്കോർ ചെയ്തതോടെ മുംബൈ വിയർത്തു. പവർ പ്ലേയിലെ അവസാന ഓവറിൽ മാർട്ടിൻ ഗപ്റ്റിലിനെ (15)യും എട്ടാം ഓവറിൽ നായകൻ കെയിൻ വില്ല്യംസണെ (3)യും നഷ്ടമായെങ്കിലും മികച്ച ഷോട്ടുകളുമായി മനീഷ് പാണ്ഡെ കളം നിറഞ്ഞു.

എന്നാൽ മധ്യ ഓവറുകളിൽ നിയന്ത്രിതമായി പന്തെറിഞ്ഞ മുംബൈ ബൗളർമാർ സൺ റൈസേഴ്സിൻ്റെ ഇന്നിംഗ്സ് വേഗതയ്ക്ക് കടിഞ്ഞാണിട്ടു. ഇന്നിംഗ്സ് വേഗം കൂട്ടാൻ ശ്രമിച്ച വിജയ് ശങ്കർ 17 പന്തുകളിൽ 12 റൺസെടുത്ത് 14ആം ഓവറിൽ പുറത്തായി. തുടർന്നെത്തിയ അഭിഷേക് ശർമ്മയും വേഗം പുറത്തായി. ഇതിനിടെ 37 പന്തുകളിൽ അർദ്ധസെഞ്ചുറി കുറിച്ച പാണ്ഡെ  ഈ ഐപിഎല്ലിലെ തുടർച്ചയായ തൻ്റെ മൂന്നാം അർദ്ധ സെഞ്ചുറിയാണ് കണ്ടെത്തിയത്.

അവസാന ഓവറുകളിൽ ഇരുവരും നടത്തിയ കൂറ്റനടികളാണ് സൺ റൈസേഴ്സിനെ സൂപ്പർ ഓവറിലേക്കെത്തിച്ചത്. ഹർദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ 20 പന്തുകളിൽ നിന്നും 31 റൺസെടുത്ത മുഹമ്മദ് നബി പുറത്തായെങ്കിലും അവസാന പന്തിൽ 7 റൺസ് വേണ്ടപ്പോൾ ഒരു സിക്സർ നേടിയ പാണ്ഡെ സൺ റൈസേഴ്സിന് സൂപ്പർ ഓവറിലേക്ക് ആയുസ് നീട്ടി നൽകി. 47 പന്തുകളിൽ എട്ട് ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 71 റൺസടിച്ച പാണ്ഡെ പുറത്താവാതെ നിന്നു.

മുംബൈ ഇന്ത്യൻസിനു വേണ്ടി സൂപ്പർ ഓവറിൽ പന്തെറിഞ്ഞ ബുംറയെ നേരിടാനെത്തിയത് പാണ്ഡെയും നബിയുമാണ്. ആദ്യ പന്തിൽ തന്നെ രണ്ടാം റണ്ണിനായി ഓടിയ പാണ്ഡെ റണ്ണൗട്ടായി. തുടർന്ന് ക്രീസിലെത്തിയ ഗപ്ടിൽ അടുത്ത പന്തിൽ ഒരു റണ്ണെടുത്ത് സ്ട്രൈക്ക് മുഹമ്മദ് നബിക്ക് കൈമാറി. മൂന്നാം പന്തിൽ സിക്സടിച്ച നബി അടുത്ത പന്തിൽ തന്നെ ബൗൾഡായി. ബുംറയുടെ ഒരു യോർക്കറിൽ മറുപടിയില്ലാതെ നബി പുറത്തായതോടെ രണ്ട് വിക്കറ്റ് നഷ്ടമായ സൺ റൈസേഴ്സിൻ്റെ സൂപ്പർ ഓവർ അവിടെ അവസനിച്ചു. ഒരു സിക്സറും രണ്ട് സിംഗിളും സഹിതം 8 റൺസായിരുന്നു സൺ റൈസേഴ്സിൻ്റെ സ്കോർ.

മുംബൈയുടെ ലക്ഷ്യം 9 റൺസ്. സൺ റൈസേഴ്സിനു വേണ്ടി റാഷിദ് ഖാൻ എറിഞ്ഞ സൂപ്പർ ഓവറിൽ മുംബൈക്കു വേണ്ടി ബാറ്റിംഗിനിറങ്ങിയത് ഹർദ്ദിക്കും പൊള്ളാർഡും. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സറടിച്ച ഹർദ്ദിക് വിജയലഷ്യം 5 പന്തിൽ 3 റൺസായി ചുരുക്കി. അടുത്ത പന്തിൽ സിംഗിൾ. തൊട്ടടുത്ത പന്തിൽ പൊള്ളാർഡ് ഡബിൾ ഓടിയതോടെ മുംബൈ ജയം കുറിച്ചു. ഒപ്പം പ്ലേ ഓഫ് സ്പോട്ടും.

നേരത്തെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി മുംബൈ ഇന്ത്യൻസിനെ പിടിച്ചു നിർത്തിയ ബൗളർമാരുടെ മികച്ച പ്രകടനമാണ് കുറഞ്ഞ സ്കോറിൽ മുംബൈയെ ഒതുക്കാൻ സൺ റൈസേഴ്സിനു തുണയായത്. 69 റൺസെടുത്ത ക്വിൻ്റൺ ഡികോക്കാണ് മുംബൈയുടെ ടോപ്പ് സ്കോറർ. മൂന്നു വിക്കറ്റെടുത്ത ഖലീൽ അഹ്മദാണ് സൺ റൈസേഴ്സിനു വേണ്ടി തിളങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here