വണ്ടർ കിഡ് സയിദ് ബിൻ വലീദ് ബ്ലാസ്റ്റേഴ്സിൽ

യുഎഇ ക്ലബുകളിൽ നിന്ന് കളി പഠിച്ച കോഴിക്കോട് സ്വദേശി സയിദ് ബിൻ വലീദ് ബ്ലാസ്റ്റേഴ്സിൽ. ജംഷദ്പൂർ എഫ്സിയും താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും സയിദ് ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുക്കുകയായിരുന്നു. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഈ സീസണിലെ കണ്ടുപിടുത്തമായ സഹൽ അബ്ദുൽ സമദിൻ്റെ പാത പിന്തുടരുന്ന താരമാണ് സയിദ് ബിൻ വലീദ്. സഹലിനെപ്പോലെ യുഎഇയിലെ വിവിധ ഫുട്ബോൾ അക്കാദമികളിൽ കളിച്ചു തെളിഞ്ഞ ഈ 16കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ സ്കൂളിലും മാഞ്ചസ്റ്റർ സിറ്റി സ്കൂൾ ഓഫ് ഫുട്ബോളിലും കളിച്ചിട്ടുണ്ട്.
അബുദാബി ഇന്ത്യൻ സ്കൂളിലെ ഏറ്റവും മികച്ച താരം സയിദാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. യുഎഇയിൽ സ്പാനിഷ് ലീഗ് ലാലിഗയുടെ സഹകരണത്തോടെ നടത്തുന്ന ഡുലാലിഗ എന്ന സ്കൂൾ ചാമ്പ്യൻഷിപ്പിലെ പ്രകടനങ്ങൾ സയിദിനെ സ്പെയിനിലെത്തിച്ചു. സെവിയ്യ, ഗ്രനാഡ, റിയൽ ബെറ്റിസ്, മലാഗ തുടങ്ങിയ സ്പാനിഷ് ക്ലബുകളുടെ യൂത്ത് ടീമുകൾക്കെതിരെ ബൂട്ടണിഞ്ഞ സെയിദിന് അവിടെ ഉയർന്ന പരിശീലവും ലഭിച്ചു.
കഴിഞ്ഞ അണ്ടർ 17 ലോകകപ്പ് ക്യാമ്പിലേക്ക് സയിദ് തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും ഫുട്ബോൾ ഫെഡറേഷൻ്റെ കുറഞ്ഞ പ്രായപരിധിയെക്കാൾ 120 ദിവസം ഇളപ്പമായതിനാൽ അന്ന് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here