ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ആ കള്ളൻ പൊലീസ് പിടിയിൽ; പിടിയിലായത് കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് ലോറൻസ് ഡേവിഡ്

ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ കുപ്രസിദ്ധ കള്ളൻ ലോറൻസ് ഡേവിഡിനെ കുടുക്കി കേരളാ പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് കേരളാ പൊലീസ് ഫേസ്ബുക്കിൽ പ്രതിയുടെ ചിത്രം പതിഞ്ഞ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടന്ന അന്വേഷണമാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്.
കൊച്ചി സിറ്റി പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 709/19 U/s 457, 380, 461 IPC പ്രകാരമുള്ള മോഷണക്കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ കേരളാ പൊലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു.
കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് തമിഴ്‌നാട്, ചെന്നൈ സ്വദേശി, വെപ്പോരി പുരസൈവാക്കം, ന്യൂ നമ്പർ 7ൽ ദാവീദിന്റെ മകൻ അറുപത്തിരണ്ടുകാരനായ ലോറൻസ് ഡേവിഡാണ് പിടിയിലായിരിക്കുന്നത്.
കേരളം, തമിഴ്‌നാട് , പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ 40 വർഷത്തിലധികമായി വീടുകളും ,കടകളും രാത്രികാലങ്ങളിൽ കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നയാളാണ് ലോറൻസ്. ചെന്നൈ പുരസരവാക്കം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസ്സിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയപ്പോഴാണ് പ്രതി കേരളത്തിലേയ്ക്ക് കടന്ന് മോഷണം നടത്തി വന്നിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here