Advertisement

മുഖ്യമന്ത്രി യൂറോപ്പിലേക്ക്; ലണ്ടനിലും ജനീവയിലും സമ്മേളനങ്ങളിൽ പങ്കെടുക്കും

May 5, 2019
Google News 0 minutes Read

13 ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പിലേക്ക്.ഐക്യരാഷ്ട്ര സംഘടന ജനീവയിൽ സംഘടിപ്പിക്കുന്ന ലോക പുനർനിർമാണ സമ്മേളനം ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി  മെയ് 8ന് യൂറോപ്പിലേക്ക് യാത്ര തിരിക്കും. മെയ് 13ന്   ജനീവയിൽ  നടക്കുന്ന പുനർനിർമാണ സമ്മേളനത്തിൽ മുഖ്യ പ്രാസംഗികനാണ്‌ കേരള മുഖ്യമന്ത്രി.  അമേരിക്കൻ ധനതത്വശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ ജോസഫ് സ്റ്റിഗ് ലിറ്റ്‌സ് ഉൾപ്പെടെയുള്ള പ്രമുഖർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

നെതർലാൻഡ്‌സിൽ മെയ് 9 നാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. നെതർലാൻഡ്‌സിലെ ഐടി മേഖലയിലെ കൂട്ടായ്മയായ ടി.എൻ.ഒ പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. നെതർലാൻഡ്‌സ് വ്യവസായ കോൺഫെഡറേഷന്റെ പ്രതിനിധികളുമായും അന്ന് കൂടിക്കാഴ്ചയുണ്ട്. പ്രളയദുരന്തം നേരിടുന്നതിന് നെതർലാൻഡ്‌സ് നടപ്പാക്കിയ റൂം ഫോർ റിവർ പദ്ധതി പ്രദേശം മുഖ്യമന്ത്രി സന്ദർശിക്കും.

സ്വിറ്റ്‌സർലാൻഡിലെ സന്ദർശനത്തിനിടയിൽ യു.എൻ.ഡി.പി. ക്രൈസിസ് ബ്യൂറോ ഡയറക്ടർ അസാകോ ഒകായുമായും മുഖ്യമന്ത്രി ചർച്ച നടത്തുന്നുണ്ട്. സ്വിസ് പാർലമെൻറിലെ ഇന്ത്യൻ അംഗങ്ങളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. മെയ് 17ന് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും.

ലണ്ടനിലെ പരിപാടികളിൽ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. കെ.എം. എബ്രഹാം, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവൻ എന്നിവരും പങ്കെടുക്കും. മെയ് 16ന് പാരിസ് സന്ദർശിക്കുന്ന മുഖ്യമന്ത്രി സാമ്പത്തിക വിദഗ്ധരായ തോമസ് പിക്കറ്റി, ലൂക്കാസ് ചാൻസൽ എന്നിവരുമായി ചർച്ച നടത്തും.

ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. വി. വേണു, ഡിസാസ്റ്റർ മാനേജ്‌മെൻറ് അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് എന്നിവരും വിവിധ രാജ്യങ്ങളിൽ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാകും. മെയ് 20ന് മുഖ്യമന്ത്രി തിരിച്ചെത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here