സീറോ മലബാർ സഭയിലെ വ്യാജ രേഖ കേസ്; ഫാദർ പോൾ തേലക്കാട്ട് ഇന്ന് മൊഴി നൽകും

സീറോ മലബാർ സഭയിലെ വ്യാജ രേഖാക്കേസിൽ മൊഴി നൽകാനായി ഫാദർ പോൾ തേലക്കാട്ട് ഇന്ന് ആലുവ ഡിവൈഎസ്പി ഓഫീസിൽ ഹാജരാകും. ഹാജരാവണമെന്ന് കാട്ടി അന്വേഷണ സംഘം പോൾ തേലക്കാട്ടിന് നോട്ടീസ് നൽകിയിരുന്നു. ഇന്ന് പതിനൊന്ന് മണിക്ക് ഹജരാകാനാണ് നിർദേശം. അതേസമയം എറണാകുളം-അങ്കമാലി അതിരൂപതയിലെ കൂടുതൽ വൈദികരെ അന്വേഷണം സംഘം ചോദ്യം ചെയ്തേക്കും.
Read Also : സീറോ മലബാർ സഭയിലെ വ്യാജരേഖാ കേസ്; ഫാദർ പോൾ തേലക്കാട്ടിന് സമൻസ്
കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖകൾ നിർമിച്ചുവെന്ന പരാതിയിലാണ് അന്വേഷണ സംഘത്തിന്റെ നിർണായക നടപടി. മാർ ജോർജ് ആലഞ്ചേരി തന്റെ പേരിലുള്ള രണ്ട് രഹസ്യ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് കാണിക്കുന്ന രേഖകൾ വ്യാജമായി നിർമിച്ചുവെന്നാണ് പരാതി. ലുലു മാരിയറ്റ് ഹോട്ടലിൽ ക്ലബ് മെമ്പർഷിപ്പിനായി കർദിനാളടക്കം 8 മെത്രാന്മാർ യോഗം ചേരുകയും പണം കൈമാറുകയും ചെയ്തെന്ന രേഖകളും കൃത്രിമമായി തയ്യാറാക്കി. രേഖകൾ വ്യാജമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ ഈ രേഖകൾ ഫാ. പോൾ തേലക്കാട്ട് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തലിക് അഡമിനിസ്ട്രേറ്റർ ജേക്കബ് മനത്തോടത്ത് വഴി സഭാ സിനഡിൽ ഹാജരാക്കിയെന്നാണ് ആക്ഷേപം. പിന്നാലെ സഭാ സിനഡിന് വേണ്ടി സഭയുടെ ഇന്റർനെറ്റ് മിഷൻ ഡയറക്ടറായ വൈദികൻ ജോബി മാപ്രക്കാവിൽ പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ പോൾ തേലക്കാട്ടിനെ ഒന്നാം പ്രതിയും ബിഷപ്പ് ജേക്കബ് മനത്തോടെത്തിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇത് സഭയ്ക്കകത്ത് കടുത്ത ആഭ്യന്തര തർക്കങ്ങൾക്കാണ് വഴിതുറന്നത്.
ഇതിനുപിന്നാലെ മറ്റൂർ പള്ളി വികാരിയും മുൻ വൈദിക സമിതിയംഗവുമായ ഫാ. ആന്റണി പുതവേലി വൈദികർക്കെതിരെ ആരോപണവുമായി രംഗത്തുവന്നു. ഫാ.പോൾ തേലക്കാട്ട് അടക്കം 15 വൈദികർക്ക് വ്യാജ രേഖായിൽ പങ്കുണ്ടെന്ന് ആരോപണമുന്നയിച്ചു. ഇതിനിടെ എഫ്ഐആർ റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി നിരസിക്കുകയും ചെയ്തു. പരാതിക്കാരൻ കോടതിയിൽ 164 രഹസ്യ മൊഴിയും നൽകി. ഇതോടെയാണ് അന്വേഷണ സംഘം പോൾ തേലക്കാട്ടിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കേസിൽ കർദ്ദിനാൾ ആലഞ്ചേരി നേരത്തെ മൊഴി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here