വനിതാ ഐലീഗ്; ഗോകുലത്തിന് വമ്പൻ ജയം

വനിതാ ഐലീഗിൽ ഗോകുലത്തിന് ജയത്തോടെ തുടക്കം. റൈസിംഗ് സ്റ്റുഡൻ്റ് ക്ലബിനെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഗോകുലം തകർത്തത്. മനീഷ കല്യാണിൻ്റെ ഹാട്രിക്കാണ് ഗോകുലത്തിന് വമ്പൻ ജയം സമ്മാനിച്ചത്.
മികച്ച ഒട്ടേറെ താരങ്ങളുള്ള ഗോകുലം ആദ്യ മിനിട്ടു മുതൽ ആക്രമണാത്മക ഫുട്ബോളാണ് കാഴ്ച വെച്ചത്. 12ആം മിനിട്ടിൽ സഞ്ജുവിലൂടെയാണ് ആദ്യ ഗോൾ പിറന്നത്. ദാലിമ മറിച്ചു നൽകിയ പന്ത് സഞ്ജു വലയിലേക്ക് തിരിച്ച് വിടുകയായിരുന്നു. 7 മിനിട്ടുകൾക്ക് ശേഷം, 19ആം മിനിട്ടിൽ മനീഷ മത്സരത്തിലെ തൻ്റെ ആദ്യ ഗോൾ കണ്ടെത്തി. ഒറ്റക്ക് ബോക്സിലേക്ക് ഓടിക്കയറിയ മനീഷ രണ്ടിലധികം ഡിഫൻഡർമാരെ മറികടന്ന് ഉതിർത്ത ഷോട്ട് രണ്ടാം വട്ടം റൈസിംഗ് സ്റ്റുഡൻ്റ് ക്ലബിൻ്റെ വല തുളച്ചു. 28ആം മിനിട്ടിൽ രഞ്ജനയുടെ ഒരു ഗ്രൗണ്ട് ക്രോസ് അനായാസം ഫിനിഷ് ചെയ്ത അഞ്ജു തമങ് ഗോകുലത്തിൻ്റെ ലീഡ് വീണ്ടും അധികരിപ്പിച്ചു.
അഞ്ജുവിനെ മധ്യനിരയിലേക്ക് വലിച്ച് മനീഷയെ ആക്രമണത്തിനു നിയോഗിച്ച കോച്ച് പ്രിയയുടെ തന്ത്രം ഫലം കാണുന്നതാണ് രണ്ടാം പകുതിയിൽ കണ്ടത്. 72, 78 മിനിട്ടുകളിൽ ഗോളുകൾ കണ്ടെത്തിയ മനീഷ തൻ്റെ ഹാട്രിക്ക് തികച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here