ബാഴ്സക്കെതിരെ സലാഹ് കളിക്കില്ല; ലിവർപൂളിന് നികത്താനാത്ത നഷ്ടം

ബുധനാഴ്ച ബാഴ്സലോണയുമായി നടക്കുന്ന ചാമ്പ്യൻസ് ലീഗ് സെമി രണ്ടാം പാദത്തിൽ ലിവർപൂളിൻ്റെ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹ് കളിക്കില്ല. ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തലക്കേറ്റ പരിക്കാണ് സലാഹിനു തിരിച്ചടിയായത്.
ശനിയാഴ്ച ന്യൂകാസിലിനെതിരെ നടന്ന പ്രീമിയർ ലീഗ് ഹോം മത്സരത്തിലാണ് സലാഹിനു പരിക്കേറ്റത്. നേരത്തെ പരിക്കേറ്റിരുന്ന ബ്രസീലിയൻ സ്ട്രൈക്കർ റോബർട്ടോ ഫിർമിനോയ്ക്കൊപ്പം സലാഹ് കൂടി ബെഞ്ചിലിരിക്കുന്നത് ലിവർപൂളിന് വലിയ തിരിച്ചടിയാകും. ക്യാമ്പ് നൂവിൽ നടന്ന ആദ്യ പാദത്തിൽ ബാഴ്സലോണയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെട്ടത്. അതേ സമയം. വോൾവ്സിനെതിരെ നടക്കുന്ന അവസാന ലീഗ് മത്സരത്തിൽ സലാഹ് തിരികെ വരുമെന്ന് ക്ലോപ്പ് അറിയിച്ചിട്ടുണ്ട്.
ന്യൂകാസിലിനെതിരെ ഈ സീസണിലെ 22ആം ലീഗ് ഗോൾ നേടിയ സലാഹ് തുടർച്ചയായ രണ്ടാം തവണയും ഗോൾഡൻ ബൂട്ട് സ്വന്തമാക്കാനൊരുങ്ങുകയാണ്. മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ലിവർപൂളിൻ്റെ വിജയം. 20 ഗോളുകളുമായി മാഞ്ചസ്റ്റർ സിറ്റിയുടെ അർജൻ്റീന സ്ട്രൈക്കർ സെർജിയോ അഗ്യൂറോയാണ് പട്ടികയിൽ രണ്ടാമത്. അത്ര തന്നെ ഗോളുകളുമായി ലിവർപൂളിൻ്റെ സെനഗൽ താരം സാാദിയോ മാനെ മൂന്നാമതുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here