Advertisement

ലൈംഗിക പീഡന ആരോപണത്തിൽ കഴമ്പില്ല; ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ്

May 6, 2019
Google News 0 minutes Read

ലൈംഗികപീഡന പരാതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ക്ലീന്‍ ചിറ്റ്. സുപ്രിംകോടതി മുന്‍ ജീവനക്കാരിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാണിച്ച് സുപ്രിംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി പരാതി തളളി. ആഭ്യന്തര അന്വേഷണമായതിനാല്‍ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. സുപ്രിംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ എന്‍ വി രമണയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ടെന്ന് രജിസ്ട്രാര്‍ ജനറല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ഏപ്രില്‍ 19ന് മുന്‍കോടതി ജീവനക്കാരിയാണ് സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് നിവേദനം നല്‍കിയത്. ഇത് പരിഗണിച്ച കോടതി ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ഇന്ദുമല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരാണ് സമിതിയിലുള്‍പ്പെട്ടത്.

കഴിഞ്ഞദിവസം, ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനപരാതിയില്‍ വിയോജിപ്പുമായി രണ്ട് സിറ്റിംഗ് ജഡ്ജിമാര്‍ അന്വേഷണസമിതിയെ കണ്ടുവെന്ന വാര്‍ത്ത സുപ്രിംകോടതി നിഷേധിച്ചിരുന്നു. സുപ്രിംകോടതി സെക്രട്ടറി ജനറല്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആഭ്യന്തര സമിതിയുടെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് രണ്ട് ജഡ്ജിമാര്‍ ജസ്റ്റിസ് ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയെ കണ്ടു എന്ന വാര്‍ത്ത സത്യമല്ല. ഇതുസംബന്ധിച്ച് ഒരു പ്രമുഖ ദേശീയ ദിനപ്പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും നിര്‍ഭാഗ്യകരവുമാണെന്ന് സുപ്രിംകോടതി സെക്രട്ടറി ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണ സമിതി ഏകപക്ഷീയമായി അന്വേഷണവുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും റോഹിംഗ്ടണ്‍ നരിമാനും അന്വേഷണ സമിതിയെ കണ്ടു എന്നായിരുന്നു ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഏകപക്ഷീയമായി അന്വേഷണവുമായി മുന്നോട്ടുപോകുന്നത് കോടതിയുടെ വിശ്വാസ്യതയ്ക്ക് ഇടിവുണ്ടാക്കുമെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടിലുണ്ട്.

അതിനിടെ ചീഫ് ജസ്റ്റിസിനെതിരായ പരാതിയില്‍ ആഭ്യന്തര സമിതിയുടെ അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ട് ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍ നിഷേധിച്ചു. ഇതുസംബന്ധിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ജസ്റ്റിസ് ചന്ദ്രചൂഡിനൊപ്പം അന്വേഷണസമിതിയെ കണ്ടിട്ടില്ലെന്നും ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here