മലയാള സിനിമയ്ക്ക് ഓസ്കാർ ലഭിച്ചാൽ അത് ലിജോ ജോസിലൂടെയായിരിക്കുമെന്ന് ടികെ രാജീവ് കുമാർ

മലയാള സിനിമയ്ക്ക് ഓസ്കാർ അവാർഡ് ലഭിച്ചാൽ അത് ലിജോ ജോസ് പെല്ലിശ്ശേരിയിലൂടെയായിരിക്കുമെന്ന് പ്രശസ്ത സംവിധായകൻ ടികെ രാജീവ് കുമാർ. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ലിജോ വളരെ മികവുറ്റ സംവിധായകൻ ആണെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം.
“ഒരു ഫിലിം അവാര്‍ഡില്‍ ലിജോ പെല്ലിശേരിക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം സമ്മാനിച്ചത് ഞാനാണ്. അന്ന് മലയാളത്തില്‍ നിന്ന് ഒരാള്‍ക്ക് ഓസ്‌കാര്‍ ലഭിക്കുകയാണെങ്കില്‍ അത് ലിജോ പെല്ലിശേരിക്ക് ആയിരിക്കുമെന്ന് പറഞ്ഞിരുന്നു. പിന്നീട് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലും ഇക്കാര്യം സൂചിപ്പിച്ചു. ലിജോ പെല്ലിശേരി ചെയ്യുന്ന സിനിമയുടെ ഭാഷ യൂണിവേഴ്സലാണ്. പ്രമേയപരമായി ലിജോയുടെ സിനിമകള്‍ പ്രാദേശികമായിരിക്കാം, പക്ഷേ അതിന്റെ ദൃശ്യഭാഷയും നരേറ്റീവുമൊക്കെ യൂണിവേഴ്സലാണ്.”- രാജീവ് കുമാർ പറയുന്നു.
നമ്മള്‍ അന്ത്രാരാഷ്ട്ര ചലച്ചിത്രമേളകളിലൊക്കെ കാണുന്ന, അല്ലെങ്കില്‍ അക്കാദമി അവാര്‍ഡ്സിനൊക്കെയെത്തുന്ന മെക്സിക്കന്‍ സിനിമകളുടെയും ഇതര ഭാഷാ സിനിമകളുടെയുമൊക്കെ യൂണിവേഴ്സാലിറ്റി ലിജോയിലാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഇന്ത്യക്ക് അകത്തും പുറത്തും ഏത് ഭാഷാ സിനിമകളോടും പിടിച്ചുനില്‍ക്കാനും മത്സരിക്കാനും ശേഷിയുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി. ഇന്ത്യന്‍ സിനിമയില്‍ കുറച്ച് കാലങ്ങളായി ഡയറക്ടോറിയല്‍ ബ്രില്യന്‍സിന്റെയും ക്രാഫ്റ്റ്മാന്‍ഷിപ്പിന്റെയും വാക്വം ഉണ്ട്. ആ സ്പേസിലേക്കാണ് ലിജോ എത്തിയിരിക്കുന്നത്.”- അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
“ഓരോ സിനിമയിലും ബഹുദൂരം മുന്നേറുന്നൊരു പ്രതിഭയാണ് ലിജോ. ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഇത്തരത്തില്‍ വേറിട്ടൊരു സംവിധായകനെ എനിക്ക് കാണാനായിട്ടില്ല. വലിയ കാഴ്ചപ്പാടും ഉള്‍ക്കാഴ്ചയുമുള്ള ഫിലിംമേക്കറാണ് ലിജോ. നമ്മള്‍ മാസ്റ്റര്‍ ഫിലിം മേക്കറെന്നൊക്കെ വിശേഷിപ്പിക്കാവുന്ന തലത്തിലേക്കാണ് ലിജോയുടെ യാത്ര.”- രാജീവ് കുമാർ പറഞ്ഞു നിർത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here