അടിച്ചൊതുക്കി സൂര്യകുമാർ; ചെന്നൈയെ തോൽപിച്ച് മുംബൈ ഫൈനലിൽ
ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നടന്ന ഐപിഎല്ലിലെ ആദ്യ ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് അനായാസ ജയം. 9 പന്തുകൾ ബാക്കി നിൽക്കെ 6 വിക്കറ്റിനായിരുന്നു മുംബൈ ജയം കുറിച്ചത്. അർദ്ധസെഞ്ചുറിയടിച്ച സൂര്യകുമാർ യാദവാണ് മുംബൈക്ക് ഉജ്ജ്വല ജയം സമ്മാനിച്ചത്. സൂര്യകുമാറിനൊപ്പം 80 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായ ഇഷാൻ കിഷനും മുംബൈയുടെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു. 2 വിക്കറ്റെടുത്ത ഇമ്രാൻ താഹിറാണ് മുംബൈ നിരയിൽ നാശം വിതച്ചത്.
ഞെട്ടലോടെയാണ് മുംബൈ തുടങ്ങിയത്. ആദ്യ പന്തിൽ തന്നെ ദീപക് ചഹാറിനെ ബൗണ്ടറിയടിച്ചു തുടങ്ങിയ രോഹിത് തൊട്ടടുത്ത പന്തിൽ പുറത്തായി. നാലാം ഓവറിൽ ക്വിൻ്റൺ ഡികോക്കും പുറത്ത്. ഹർഭജൻ സിംഗിനായിരുന്നു വിക്കറ്റ്. 21 റൺസിന് രണ്ട് വിക്കറ്റുകൾ വീണതോടെ ചെപ്പോക്ക് പൊട്ടിത്തെറിച്ചു. മുംബൈയുടെ ദുർബലമായ മധ്യനിര ഈ സ്പിൻ പിച്ച് എങ്ങനെ നേരിടുമെന്നതായിരുന്നു പ്രധാന ചോദ്യം. എന്നാൽ സൂര്യകുമാർ യാദവിനും ഇഷൻ കിഷനും മറ്റു ചില പദ്ധതികളാണ് ഉണ്ടായിരുന്നത്.
നാലാം ഓവറിൽ ക്രീസിലൊത്തു ചേർന്ന ഇരുവരും സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശി. മോശം പന്തുകൾ മാത്രം തെരഞ്ഞെടുത്ത് ശിക്ഷിച്ച ഇരുവരും വിക്കറ്റുകൾക്കിടയിലുള്ള ഓട്ടത്തിലും മികച്ചു നിന്നു. സ്കോറിംഗ് ചുമതല സൂര്യകുമാർ ഏറ്റെടുത്തു. ഇഷൻ കിഷൻ സൂര്യകുമാറിന് ഉറച്ച പിന്തുണ നൽകി. സ്പിന്നർമാർക്കെതിരെ ബുദ്ധിപരമായ ബാറ്റ് ചെയ്ത ഇരുവരും റൺ നിരക്ക് താഴാതെ മുംബൈയെ മത്സരത്തിൽ തന്നെ നിർത്തി. മൂന്നാം വിക്കറ്റിൽ 80 റൺസിൻ്റെ വിലപ്പെട്ട കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ഈ സഖ്യം വേർപിരിഞ്ഞത്.
31 പന്തുകളിൽ 28 റൺസെടുത്ത ഇഷൻ കിഷനെ ഇമ്രാൻ താഹിർ പുറത്താക്കിയതോടെ മുംബൈക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. തൊട്ടടുത്ത പന്തിൽ കൃണാൽ പാണ്ഡ്യയും പുറത്തായതോടെ മുംബൈ അപകടം മണത്തു. എന്നാൽ ഹർദ്ദിക് പാണ്ഡ്യയോടൊപ്പം 31 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ സൂര്യകുമാർ അനായാസം മുംബൈയെ വിജയത്തിലെത്തിക്കുകയായിരുന്നു. 54 പന്തുകളിൽ 71 റൺസെടുത്ത സൂര്യകുമാർ യാദവും 11 പന്തുകളിൽ 13 റൺസെടുത്ത ഹർദ്ദിക് പാണ്ഡ്യയും പുറത്താവാതെ നിന്നു. ഇതോടെ ചെന്നൈക്കെതിരെ ഈ ഐപിഎല്ലിൽ കളിച്ച മൂന്നു മത്സരങ്ങളിലും മുംബൈ ജയം കുറിച്ചു. നേരത്തെ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും മുംബൈ ചെന്നൈയെ തോൽപിച്ചിരുന്നു.
നേരത്തെ, അമ്പാട്ടി റായുഡുവിൻ്റെയും എംഎസ് ധോണിയുടെയും ഉജ്ജ്വല ഇന്നിംഗ്സുകളാണ് ചെന്നൈയെ മികച്ച സ്കോറിലെത്തിച്ചത്. റായുഡു 37 പന്തുകളിൽ 42 റൺസെടുത്തും ധോണി 29 പന്തുകളിൽ 37 റൺസെടുത്തും പുറത്താവാതെ നിന്നു. അഞ്ചാം വിക്കറ്റിൽ 66 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. മുംബൈ സ്പിന്നർമാരെല്ലാം നല്ല പ്രകടനം കാഴ്ച വെച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here