തുഷാറിനെ വേദിയിലിരുത്തി സംസ്ഥാന സർക്കാരിനും എൽഡിഎഫിനും പിന്തുണ പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നടേശൻ

സംസ്ഥാന സർക്കാരിനും എൽഡിഎഫിനും പിന്തുണ പ്രഖ്യാപിച്ച് എസ്എൻഡിപി വാർഷിക പൊതുയോഗം. സമുദായത്തോട് അടുപ്പം കാണിക്കുന്ന മുഖ്യമന്ത്രിയും സർക്കാരും അനുഭാവപൂർവം അടുത്ത് വരുമ്പോൾ സമുദായം പുറം തിരിഞ്ഞ് നിൽക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശബരിമല വിഷയത്തിൽ പ്രക്ഷോഭത്തിനിറങ്ങരുതെന്ന് പറഞ്ഞത് സമുദായ അംഗങ്ങൾ കേസിൽ പെടാതിരിക്കാനായിരുന്നു എന്നും വെള്ളാപ്പള്ളി വാർഷിക പൊതുയോഗത്തിൽ പറഞ്ഞു.
എസ്എൻഡിപി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപന വേദിയായി മാറിയ വാർഷിക പൊതു യോഗത്തിലാണ് സംസ്ഥാന സർക്കാരിനുള്ള പിന്തുണ വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചത്. വനിതാ മതിലും ശബരിമല വിഷയവും ഉൾപ്പെടെ പ്രതിപാദിച്ചായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസംഗം. തുഷാർ വെള്ളാപ്പള്ളിയെ വേദിയിലിരുത്തിയായിരുന്നു എസ്എൻഡിപിയുടെ ഇടത് ചായ്‌വ് വെള്ളാപ്പള്ളി പ്രഖ്യാപിച്ചത് എന്നതായിരുന്നു ശ്രദ്ധേയം.
സമുദായ അംഗങ്ങൾ കേസിൽപെടാതിരിക്കാനാണ് ശബരിമല വിഷയത്തിൽ തെരുവിൽ ഇറങ്ങരുതെന്ന് താൻ പറഞ്ഞത്. സവർണ കൗശലക്കാർക്കൊപ്പം തെരുവിൽ പ്രതിഷേധിച്ചിരുന്നേൽ അകത്തു പോകുന്നത് മുഴുവൻ ഈഴവരാകുമായിരുന്നു. പുന്നപ്രവയലാർ സമരകാലം മുതൽ അതാണ് അവസ്ഥ. കെ സുരേന്ദ്രൻ എത്ര ദിവസമാണ് ജയിലിൽ കഴിയേണ്ടിവന്നതെന്ന് മറക്കരുതെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.
സർക്കാരിനോട് യുദ്ധം ചെയ്ത് എസ്എൻഡിപി നശിക്കണോയെന്നു സമുദായ അംഗങ്ങൾ ആലോചിക്കണം. ഗുരുവിനെ അംഗീകരിക്കാൻ സർക്കാർ തയ്യാറായതുകൊണ്ട് കൂടിയാണ് വനിതാമതിലിനു നേതൃത്വം നൽകിയതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here