Advertisement

പൃഥ്വി ഷോ; ത്രില്ലറുകളെ വെല്ലുന്ന ത്രില്ലറിൽ ഡൽഹിക്ക് ജയം

May 8, 2019
Google News 1 minute Read

ഐപിഎൽ എലിമിനേറ്ററിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഉജ്ജ്വല ജയം. 8 വിക്കറ്റ് നഷ്ടമായ ഡൽഹി ഇന്നിംഗ്സിലെ ഒരു പന്ത് ബാക്കി നിൽക്കെയായിരുന്നു ജയം കുറിച്ചത്. ഇതോടെ  ചെന്നൈക്കെതിരെ പൃഥ്വി ഷായുടെ അർദ്ധസെഞ്ചുറിയാണ് ഡൽഹിക്ക് ജയം സമ്മാനിച്ചത്. 49 റൺസെടുത്ത ഋഷഭ് പന്തും ഡൽഹിക്ക് വേണ്ടി മികച്ച കളി പുറത്തെടുത്തു. 4 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത റാഷിദ് ഖാനാണ് സൺ റൈസേഴ്സ് ബൗളിംഗ് നിരയിൽ തിളങ്ങിയത്.

പതിവിനു വിപരീതമായി പൃഥ്വി ഷാ ആയിരുന്നു ഓപ്പണിംഗ് ജോഡിയിലെ അപകടകാരി. പന്തെടുത്തവരെല്ലാം തല്ലു വാങ്ങിയപ്പോൾ ശിഖർ ധവാന് കാഴ്ചക്കാരൻ്റെ റോൾ മാത്രമായിരുന്നു. ആദ്യ പവർ പ്ലേയിൽ 55 റൺസ് സ്കോർ ചെയ്ത ഡൽഹിക്ക് എട്ടാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 17 റൺസെടുത്ത ധവാനെ ദീപക് ഹൂഡയാണ് പുറത്താക്കിയത്.

ഇതിനിടെ 31 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറി കുറിച്ച പൃഥ്വി ഷാ ഈ സീസണിലെ രണ്ടാം അർദ്ധസെഞ്ചുറിയാണ് സ്കോർ ചെയ്തത്. 38 പന്തുകളിൽ 56 റൺസെടുത്ത ഷാ 11ആം ഓവറിൽ പുറത്തായതിനു ശേഷം കളി തിരിച്ചു പിടിച്ച ഹൈദരാബാദ് ശ്രേയാസ് അയ്യർ (8), കോളിൻ മൺറോ (14), അക്സർ പട്ടേൽ (0) എന്നിവരെക്കൂടി പുറത്താക്കി ജയ പ്രതീക്ഷ നിലനിർത്തി.

എന്നാൽ തുടർന്ന് ക്രീസിലൊത്തു ചേർന്ന ഋഷഭ് പന്ത്-റൂതർഫോർഡ് എന്നിവർ ചേർന്ന് ഡൽഹിയെ മുന്നോട്ട് നയിച്ചു. 3 ഓവറുകളിൽ 34 റൺസ് വേണ്ട സമയത്ത് ബേസിൽ തമ്പിയുടെ ഓവറിൽ രണ്ട് വീതം ബൗണ്ടറികളും സിക്സറുകളും സഹിതം 21 റൺസെടുത്ത ഋഷഭ് പന്ത് കളി തങ്ങൾക്ക് അനുകൂലമാക്കുകയായിരുന്നു. എന്നാൽ 19ആം ഓവറിൽ റൂതർഫോർഡിനെയും 21 പന്തുകളിൽ 49 റൺസെടുത്ത പന്തിനെയും പുറത്താക്കിയ ഭുവനേശ്വർ മത്സരം അവസാന ഓവറിലേക്ക് നീട്ടി.

ഖലീൽ അഹ്മദ് എറിഞ്ഞ അവസാന ഓവറിൽ വേണ്ടത് 5 റൺസ്. ആദ്യ പന്ത് വൈഡായി. അടുത്ത മൂന്ന് പന്തുകളിൽ പിറന്നത് രണ്ട് റൺസ്. നാലാം പന്തിൽ ഒരു ബൈ റണ്ണിനായി ഓടിയ മിശ്ര ഫീൽഡ് തടസ്സപ്പെടുത്തി പുറത്തായി. എന്നാൽ തൊട്ടടുത്ത പന്തിൽ ബൗണ്ടറി കണ്ടെത്തിയ കീമോ പോൾ ഡൽഹിയെ വിജയിപ്പിക്കുകയായിരുന്നു. ഇതോടെ ഡൽഹി ചെന്നൈയുമായുള്ള ക്വാളിഫയർ ഉറപ്പിച്ചു.

നേരത്തെ 5 ബാറ്റ്സ്മാന്മാരുടെ ഇരട്ട സ്കോറുകളാണ് സൺ റൈസേഴ്സിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മൂന്ന് വിക്കറ്റെടുത്ത കീമോ പോളാണ് ഡൽഹിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here