Advertisement

സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്ന് എത്തിക്കുന്നതില്‍ വന്‍ ക്രമക്കേട്

May 8, 2019
Google News 1 minute Read

സര്‍ക്കാരാശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍  എത്തിക്കുന്നതില്‍ വന്‍ ക്രമക്കേട്. സാധാരണ രോഗങ്ങള്‍ക്കുള്ളതും എന്നാല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതുമായ മരുന്നുകളിലാണ് നിലവാരമില്ലാത്തവ മരുന്നു കമ്പനികള്‍ കടത്തിവിടുന്നത്. മൂന്നു തലത്തിലുള്ള പരിശോധനയ്ക്ക് ശേഷമാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മരുന്നുകള്‍ വാങ്ങുന്നതെങ്കിലും ഉപയോഗശേഷം പരാതികള്‍ വ്യാപകമാകുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ആശുപത്രികളില്‍ നിന്നുള്ള ആവശ്യാര്‍ത്ഥം മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഇ-ടെണ്ടര്‍ വഴിയാണ് മരുന്നുകള്‍ വാങ്ങുന്നത്. ടെണ്ടറില്‍ പങ്കെടുക്കുന്ന മരുന്നു കമ്പനികളില്‍ നിന്നും ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയ സ്ഥാപനത്തിനു കരാര്‍ നല്‍കുകയാണ് ചെയ്യുന്നത്. കമ്പനികള്‍ തങ്ങളുടെ മരുന്നിന്റെ നിലവാരത്തെക്കുറിച്ചുള്ള സാക്ഷ്യപത്രം സമര്‍പ്പിക്കണം. ഇതിനുശേഷം നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് ലബോറട്ടറീസ് സര്‍ട്ടിഫൈ ചെയ്തിട്ടുള്ള ഏതെങ്കിലും ലാബില്‍ പരിശോധിച്ച് ഗുണനിലവാരം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മരുന്നുകള്‍ വാങ്ങിക്കഴിഞ്ഞാല്‍ 10 ശതമാനം മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എം പാനല്‍ ചെയ്ത എന്‍.എ.ബി.എല്‍ ലാബില്‍ പരിശോധിക്കും. ഇത്രയും പരിശോധനകളുണ്ടെങ്കിലും നിലവാരമില്ലാത്ത മരുന്നുകള്‍ ആശുപത്രികളില്‍ എത്തുന്നുവെന്നതാണ് വസ്തുത.

പരിശോധനയ്ക്കായി എന്‍.എ.ബി.എല്ലിന്റെ ലാബില്‍ നല്‍കിയ ശേഷമാണ് ക്രമക്കേടിലൂടെ നിലവാരമില്ലാത്തവ കടത്തിവിടുന്നത്. വാങ്ങുന്ന മരുന്നുകള്‍ എല്ലാം മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ പരിശോധിക്കുന്നില്ല. ഈ പഴുതാണ് മരുന്നു കമ്പനികള്‍ ക്രമക്കേടിനായി ഉപയോഗിക്കുന്നത്. എന്നാല്‍ നിലവാരമില്ലാതെ വരുന്നത് സ്വാഭാവികം മാത്രമാണെന്നാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ പറയുന്നത്. എന്നാല്‍ ഒരു കമ്പനിയുടെ വിവിധ രോഗത്തിനുള്ള 12 മരുന്നുകള്‍ കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതോടെ ഈ വാദവും പൊളിയുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here