വളാഞ്ചേരി പീഡനക്കേസ്; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വളാഞ്ചേരിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വളാഞ്ചേരി നഗരസഭാ എൽഡിഎഫ് കൗൺസിലർ ഷംസുദ്ദീൻ നടക്കാവിലിനെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പോക്‌സോ കേസ് ചുമത്തപ്പെട്ട പ്രതി നിലവിൽ ഒളിവിലാണ്.
കേസെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ഷംസുദ്ദീൻ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതി മലേഷ്യയിലേക്കോ തായ്‌ലൻഡിലേക്കോ കടന്നതായാണ് വിവരം. പരാതി നൽകുമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ അറിയിച്ചതിന് പിന്നാലെ ഷംസുദ്ദീൻ ഒളിവിൽ പോകുകയായിരുന്നു.
ഷംസുദ്ദീൻ മന്ത്രി കെ ടി ജലീലിന്റെ ബന്ധുവാണെന്നും സ്വാധീനം ഉപയോഗിച്ച് കേസിൽ നിന്നും പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതായും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. പെൺകുട്ടിയെ കാണാതായ ദിവസം മന്ത്രിയെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞിരുന്നുവെന്നും എന്നാൽ മതിയായ ഇടപെടൽ ഉണ്ടായില്ലെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തിയിരുന്നു. ആരോപണങ്ങൾ നിഷേധിച്ച് മന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു.
16 കാരിയായ പെൺകുട്ടിയെ കഴിഞ്ഞ ജൂലൈയിൽ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഷംസുദ്ദീൻ നടക്കാവിലിനോട് കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here