ചികിത്സാ പിഴവ് കാരണം കാഴ്ച്ച നഷ്ടപ്പെട്ട ആറ് വയസ്സുകാരിയുടെ ചികിത്സ സർക്കാരേറ്റെടുക്കും

തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലെ ചികിത്സാ പിഴവ് കാരണം കാഴ്ച്ച നഷ്ടപ്പെട്ട ആറ് വയസ്സുകാരിയുടെ ചികിത്സ സർക്കാരേറ്റെടുക്കുമെന്ന് മന്ത്രി കെകെ ഷൈലജ. വിഷയത്തിൽ ഇടപെടുന്നതിനായി സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

അപസ്മാര സംബന്ധമായ അസുഖത്തിനാണ് സനമോൾ ജൂബിലി മെഡിക്കൽ കോളേജിൽ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിടയിൽ ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.

തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം രണ്ടു മാസമായി സനമോളുടെ കാഴ്ച നഷ്ടപ്പെട്ടിട്ട്.

മാർച്ച് 11 ന് രാത്രി സനമോൾ ബോധരഹിതമായി വീണ് ശ്വാസം കിട്ടാതായതിനെ തുടർന്നാണ് തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് ആശുപത്രി അധികൃതർ തന്നെ കുഞ്ഞിനെ ജൂബിലി മിഷനിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറയുന്നു. ‘ജൂബിലിയിലെത്തിയ കുഞ്ഞിനെ ഫിറ്റ്‌സാണെന്ന് പറഞ്ഞ് ഫിറ്റ്‌സിനുള്ള ഇഞ്ചെക്ഷനും മരുന്നുകളും നൽകി. പിന്നീട് നാല് ദിവസം ഈ ചികിത്സ തുടർന്നു. ആറ് മാസം കുഞ്ഞിന് നൽകാൻ ഒരു സിറപ്പും നൽകി. പിന്നീടാണ് കുഞ്ഞിൽ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തിയത്. കുഞ്ഞിന് കടുത്ത പനിയും മറ്റ് ദേഹാസ്വാസ്ഥ്യങ്ങളും തുടങ്ങി’- അമ്മ പറഞ്ഞു.

തുടർന്ന് കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവർ കുഞ്ഞിനെ ജൂബിലി മിഷനിൽ തന്നെ കൊണ്ടുപോകാൻ നിർദ്ദേശിക്കുകയാിരുന്നു. കുഞ്ഞിന്റെ മുഖത്ത് കണ്ട പാടുകളുടെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതർ കുഞ്ഞിന് അഞ്ചാം പനിയാണെന്ന് വിധിക്കുകയും അതിനുള്ള ചികിത്സകൾ ആരംഭിക്കുകയും ചെയ്തു. പിറ്റേ ദിവസം ഉച്ചയോടെ കുഞ്ഞിന്റെ മുഖത്ത് നിറയെ കുമിളകൾ വന്നു. കുട്ടിയുടെ അമ്മയാണ് ഇത് അഞ്ചാം പനി തന്നെയാണോ എന്ന തരത്തിൽ ആദ്യം സംശയം പ്രകടിപ്പിക്കുന്നത്. പിന്നീട് ത്വക് രോഗ വിദഗ്ധനെ കാണിച്ചപ്പോഴാണ് ഫിറ്റ്‌സ് ഇഞ്ച്ക്ഷൻ നൽകിയതിന്റെ പ്രശ്‌നമാണെന്ന് പറയുന്നത്. പിന്നീട് സ്ഥിതി വഷളായി. കുഞ്ഞിന്റെ ദേഹത്തെല്ലാം ഈ കുമിളകൾ വ്യാപിച്ചു.

പിന്നീടാണ് സനമോളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നത്. കുഞ്ഞിന് ഫിറ്റ്‌സ് ഉണ്ടായിരുന്നില്ലെന്നും നിമോണിയ കാരണമാണ് കുഞ്ഞിന്റെ ബോധം പോയതെന്നും മെഡിക്കൽ കോളേജിലെ ഡോക്ടർ പറഞ്ഞു.

നിലവിൽ കൊയമ്പത്തൂരിലെ ആശുപത്രിയിൽ നേത്രരോഗ വിദഗ്ധന്റെ ചികിത്സയിലാണ് സനമോൾ. സനമോളുടെ കാഴ്ച്ചയ്ക്ക് ഇപ്പോഴും മങ്ങലുണ്ടെന്നും അമ്മ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top