മുൻ സൈനികന്റെ നോമിനേഷൻ തള്ളിയ നടപടി; തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എതിർ സ്ഥാനാർത്ഥിയായി സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ ഒരുങ്ങിയ മുൻ സൈനികൻ തേജ് ബഹാദൂർ യാദവിന്റെ നോമിനേഷൻ തള്ളിയ നടപടിയിൽ വിശദീകരണം ആരാഞ്ഞ് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് സുപ്രീംകോടതി വിശദീകരണം തേടിയത്. നാമനിർദ്ദേശം തള്ളാനുള്ള കാരണങ്ങൾ നാളെത്തന്നെ അറിയിക്കാനാണ് സുപ്രീകോടതി നിർദ്ദേശിച്ചിരിക്കുന്നത്.

2017ൽ സൈനികർക്ക് ലഭിക്കുന്ന മോശം ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ പട്ടാളത്തിൽ നിന്നും പുറത്താക്കപ്പെട്ടയാളാണ് തേജ് ബഹാദൂർ യാദവ്. സൈനികവിഷയങ്ങൾ നിരന്തരമായി ചർച്ചയാക്കാൻ ശ്രമിക്കുന്ന നരേന്ദ്രമോദിക്കെതിരെ ഒരു സൈനികനെത്തന്നെ സ്ഥാനാർത്ഥിയാക്കാനായിരുന്നു എസ്പിയുടെ ശ്രമം. എന്നാൽ ഇത് ഇലക്ഷൻ കമ്മീഷന്റെ ഇടപെടലോടെ പ്രതിസന്ധിയിലാകുകയായിരുന്നു.

സർക്കാർ സർവീസിൽ നിന്നും അഴിമതിയുടെ പേരിൽ പിരിച്ചുവിടപ്പെട്ട ഒരാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നാണ് കമ്മീഷന്റെ നിലപാട്. കൂടാതെ തേജ് ബഹാദൂറിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ ഗൗരവപ്പെട്ടവയായിരുന്നുവെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More