പേവിഷ ബാധയ്‌ക്കെതിരെ സർക്കാർ ആശുപത്രികളിൽ നൽകുന്ന ചില മരുന്നുകൾക്ക് നിലവാരമില്ല

പേവിഷ ബാധയ്‌ക്കെതിരെ സർക്കാർ ആശുപത്രികളിൽ നൽകുന്ന ചില മരുന്നുകൾക്ക് നിലവാരമില്ല. ഡോക്ടർമാരുടെ പരാതിയെ തുടർന്ന് അഞ്ചു മാസത്തിനിടെ രണ്ടു കമ്പനികളുടെ മരുന്നുകളുടെ വിതരണം മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിർത്തിവച്ചു. എന്നാൽ പരാതി ഉയരാത്ത കാലയളവിൽ ഇതേ ബാച്ചിൽപ്പെട്ട മരുന്ന് ആശുപത്രികളിൽ ഉപയോഗിക്കുകയും ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്വകാര്യ കമ്പനികൾക്കെതിരെ നടപടിയെടുക്കാത്തതാണ് നിലവാരമില്ലാത്ത മരുന്നുകൾ വീണ്ടും നൽകാൻ ഇടയാക്കുന്നത്. 24 എക്‌സ്‌ക്ലൂസീവ്.
കഴിഞ്ഞ ഡിസംബർ മുതൽ ഏപ്രിൽ വരെ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്ത ചില ഇക്യൂൻ ആന്റി റാബിസ് ഇമ്മ്യൂണോ ഗേഌബുലിൻ എന്ന മരുന്നിനെതിരെയാണ് ഡോക്ടർമാർ പരാതിപ്പെട്ടത്. ഭാരത് സെറംസ് ആന്റ് വാക്‌സിൻസ് ലിമിറ്റഡ്, വിൻസ് ബയോ പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ഇതു വിതരണം ചെയ്തത്. വിൻസിന്റെ 02എആർ17003 എന്ന ബാച്ച് നമ്പരിൽപ്പെട്ട മരുന്നിനെതിരേയും ഭാരത് സെറംസിന്റെ എ02718806 ബാച്ചിൽപ്പെട്ട മരുന്നിനെതിരേയുമായിരുന്നു പരാതി. ഭാരത് സെറംസിനെതിരെ പരാതി നൽകിയത് വയനാട് ജില്ലാ ആശുപത്രി സൂപ്രണ്ടായിരുന്നു. വിൻസിന്റെ മരുന്നിനെതിരെ തിരുവനനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്‌റ്റോർ സൂപ്രണ്ടാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഈ മരുന്നുകളുടെ വിതരണം മെഡിക്കൽ സർവീസസ് കോർപ്പറേഷൻ തടഞ്ഞു.
Read Also : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നത് നിലവാരമില്ലാത്ത മരുന്നുകൾ; 24 എക്‌സ്‌ക്ലൂസിവ്
പരാതി ഉയരാതിരുന്ന കാലയളവിൽ ഇതേ ബാച്ചിൽപ്പെട്ട മരുന്ന് എല്ലാ ആശുപത്രികളിലും ഉപയോഗിച്ചുവെന്നതാണ്് യാഥാർത്ഥ്യം. പേവിഷം പോലെയുള്ള അത്യന്തം ഗൗരവമായ കാര്യത്തിൽപ്പോലും നിലവാരമില്ലാത്തവ കടന്നുകൂടിയെന്നത് ആരോഗ്യവിദ്ഗധരെപ്പോലും അമ്പരപ്പിക്കുകയാണ്. പേവിഷ ബാധക്കെതിരായ മരുന്നിനായി ഒരു വർഷം 12 കോടി രൂപയാണ് കേരളം ചെലവാക്കുന്നത്. ഇത് അന്യസംസ്ഥാനങ്ങളിലേക്കും സ്വകാര്യ കമ്പനികളിലേക്കുമാണ് പോകുന്നത്. തിരുവനന്തപുരത്ത് പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽഹെൽത്ത് ആന്റ് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പേവിഷ പ്രതിരോധ വാക്‌സിൻ ഉൽപ്പദാനം തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രാവർത്തികമായില്ല.
തുടർച്ചയായി നിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്തിട്ടും കമ്പനികൾക്കെതിരെ നടപടിയെടുക്കാത്തതാണ് ഇതാവർത്തിക്കാൻ കാരണം. കഴിഞ്ഞ നാലു മാസത്തിനടിയിൽ നിലവാരമില്ലാത്ത മരുന്ന് തുടർച്ചയായി നൽകിയ വിവേക് ഫാർമകെമിനും യൂണിക്യുറിനുമെതിരെ നടപടിയുണ്ടായില്ല. ഇവരുടെ 19 മരുന്നുകളാണ് നിലവാരമില്ലെന്ന് കണ്ടെത്തി വിതരണം നിർത്തിവച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here