കണ്ണൂരിൽ രണ്ടിടങ്ങളിൽ കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥിരീകരണം; പത്തു പേർക്കെതിരെ കേസ്

കണ്ണൂർ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ധർമ്മടത്തും കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലും ധർമ്മടത്ത് ബൂത്ത് നമ്പർ 52ലുമാണ് കള്ളവോട്ട് നടന്നത്. പാമ്പുരുത്തിയിൽ ഒമ്പതു പേർ 12 കള്ളവോട്ടുകൾ നടത്തി. ധർമ്മടത്ത് ഒരു കള്ളവോട്ട് നടന്നതായും ടിക്കാറാം മീണ പറഞ്ഞു. സംഭവത്തിൽ പത്തു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കുറ്റക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 171 സി, ഡി. എഫ് പ്രകാരം ക്രിമിനൽ കേസെടുക്കും. പാമ്പുരുത്തിയിലെ പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ, മൈക്രോ ഒബ്‌സർവർ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ജില്ലാ കളക്ടർ ചീഫ് ഇലക്ട്രൽ ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം സെക്ഷൻ 134 അനുസരിച്ച് ഇവർക്കെതിരെയും ക്രിമനൽ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥർക്കെതിരെ അവരുടെ വകുപ്പുകൾ അച്ചടക്ക നടപടിയെടുക്കാനും ശുപാർശ ചെയ്യും. എൽഡിഎഫ് സ്ഥാനാർത്ഥി പി കെ. ശ്രീമതിയുടെയും സ്വതന്ത്ര സ്ഥാനാർത്ഥി കെ സുധാകരന്റേയും പോളിങ് ഏജന്റുമാരാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും റിട്ടേണിങ് ഓഫീസർക്കും പരാതി നൽകിയത്. ഗൾഫിലുള്ള ചിലരുടെ പേരിൽ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. തുടർന്ന് ജില്ലാ കളക്ടർ അന്വേഷണം നടത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് വിശദമായ റിപ്പോർട്ട് നൽകി.
പോളിങ് സ്‌റ്റേഷനിലെ വീഡിയോ പരിശോധിച്ചാണ് കള്ളവോട്ട് ചെയ്തവരെ കണ്ടെത്തിയത്. അബ്ദുൾ സലാം, മർഷദ്, ഉനിയാസ് എന്നിവർ രണ്ടു തവണയും കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്‌ലം, അബ്ദുൾ സലാം, സാദിഖ് കെ പി, ഷമൽ, മുബഷിർ എന്നിവർ ഓരോ തവണയും വോട്ടു ചെയ്തുവെന്നാണ് ജില്ലാ കളക്ടർ സ്ഥിരീകരിച്ചത്. ഇവരെ വിളിച്ചു വരുത്തി തെളിവെടുത്തിരുന്നു. ഈ പോളിങ് സ്‌റ്റേഷനിലെ 1249 വോട്ടുകളിൽ 1036 എണ്ണം പോൾ ചെയ്തിരുന്നു. കള്ളവോട്ടു നടക്കുന്ന വേളയിൽ പോളിങ് ഏജന്റ് എതിർപ്പറിയിച്ചെങ്കിലും പ്രിസൈഡിങ്് ഓഫീസർ ശക്തമായി ഇടപെടാൻ തയ്യാറായില്ലെന്ന് വ്യക്തമായിട്ടുണ്ട്.
ധർമ്മടത്ത് ബൂത്ത് നമ്പർ 52ൽ സയൂജ് എന്നയാളാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ പോളിങ് ഏജന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ പരിശോധന നടത്തിയത്. വീഡിയോ പരിശോധനയിൽ ബൂത്ത് നമ്പർ 47ലെ വോട്ടർ ആയ സയൂജ് 52ൽ വോട്ട് ചെയ്തതായി കണ്ടെത്തി. ഇയാൾ 47ലും വോട്ട് ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതിന് സയൂജിനെ സഹായിച്ചതായി കരുതുന്ന മുഹമ്മദ് ഷാഫിയുടെ പങ്ക് അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഇവിടത്തെ ഉദ്യോഗസ്ഥർ, പോളിംഗ് ഏജന്റുമാർ എന്നിവരുടെ പങ്കും അന്വേഷിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here