കെ എം മാണി മടങ്ങിപ്പോയത് മുറവുണങ്ങാത്ത മനസുമായി; കോൺഗ്രസിനേയും പി ജെ ജോസഫിനേയും വിമർശിച്ച് കേരളാ കോൺഗ്രസ് മുഖപത്രം

കോൺഗ്രസിനേയും പി ജെ ജോസഫിനേയും വിമർശിച്ച് കേരളാ കോൺഗ്രസ് മുഖപത്രം ‘പ്രതിച്ഛായ’. ബാർ കോഴ വിഷയത്തിൽ ഉൾപ്പെടെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. തരം കിട്ടിയാൽ കെ എം മാണിയെ തകർക്കണമെന്ന് ചിന്തിച്ചിരുന്നവരാണ് ചുറ്റും ഉണ്ടായിരുന്നതെന്ന് പ്രതിച്ഛായ കുറ്റപ്പെടുത്തുന്നു. ‘കെട്ടിപ്പിടിക്കുമ്പോൾ കുതികാലിൽ ചവിട്ടുന്നവർ’ എന്നാണ് ഇത്തരക്കാരെ മാണി വിശേഷിപ്പിച്ചിരുന്നതെന്നും മുഖപത്രം പറയുന്നു. പത്രാധിപർ ഡോ. കുര്യാസ് കുമ്പളങ്ങിയാണ് ‘കെ എം മാണി മടങ്ങിപ്പോയി, മുറവുണങ്ങാത്ത മനസുമായി’ എന്ന തലക്കെട്ടിൽ ലേഖനം എഴുതിയത്.
അമ്പത് വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബാർ കോഴക്കേസ് ശത്രുക്കൾക്ക് മുന്നിൽ വീണു കിട്ടുന്നത്. ഉറഞ്ഞു തുള്ളിയ ശത്രുക്കൾക്കിടയിൽ നിന്ന് ‘ഹാ ബ്രൂട്ടസേ നീയും’ എന്ന് സീസറെ പോലെ നിലവിളിക്കാനെ കെഎം മാണിക്കും കഴിഞ്ഞുള്ളു. 2014 ഒക്‌ടോബർ 31 വെള്ളിയാഴ്ച കെ എം മാണി എന്ന വൻ നേതാവിന്റെ കൊടിയിറക്കം ആരംഭിക്കുകയായിരുന്നു. നാളുകൾ ഏറെ കഴിഞ്ഞിട്ടും രണ്ടാമെതാന്നു കൂടി ഉയർത്തിയെടുക്കാൻ കഴിയാത്ത വിധം അനുക്രമം താണുകൊണ്ടിരിക്കുകയായിരുന്നുവെന്നും ലേഖനം പറയുന്നു.
അഴിമതി ആരോപണത്തിന്റെ ആഘാതം കെ എം മാണിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഗൂഢാലോചന എന്ന് പ്രതികരിച്ചതിനപ്പുറത്ത് ചെറുത്തുനിൽക്കാൻ മാണിക്ക് സാധിക്കാതെ പോയി. വേണ്ടിവന്നാൽ മന്ത്രി സ്ഥാനം രാജിവെച്ച് പ്രതിഷേധിക്കാമെന്നും മന്ത്രി സഭയെ പുറത്തു നിന്ന് പിന്തുണയ്ക്കാമെന്നും കെഎം മാണിയും കേരളാ കോൺഗ്രസിനെ സ്‌നേഹിച്ചിരുന്നവരും മുന്നോട്ടു വെച്ചു. അപ്പോൾ ഔസേപ്പച്ചൻ സമ്മതിക്കുമോ എന്നായിരുന്നു കെ എം മാണിയുടെ സന്ദേഹം. സാറു പറഞ്ഞാൽ സമ്മതിക്കുമെന്ന് എല്ലാവരും പറഞ്ഞു. പക്ഷെ അതുണ്ടായില്ലെന്നും അതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണെന്നും പ്രതിച്ഛായ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here