തൃശൂർ പൂര ലഹരിയിൽ; സാമ്പിൾ വെടിക്കെട്ട് ഇന്ന്

ആകാശം നിറയെ കരിമരുന്നിന്റെ വർണ വിസ്മയം തീർത്ത് ഇന്ന് തൃശൂർപൂരം സാമ്പിൾ വെടിക്കെട്ട് നടക്കും. തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളാണ് കരിമരുന്ന് പ്രയോഗം നടത്തുക. നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും വർണ്ണവിസ്മയങ്ങൾ ഒരുക്കിവെച്ചായിരുക്കും ഇത്തവണത്തെ വെടിക്കെട്ട്.

വൈകുന്നേരം ഏഴിനാണ് വെടിക്കെട്ട് നടത്തുക. ഇരുവിഭാഗങ്ങളും ഒരുക്കിവെച്ച പുത്തൻ ഇന്ദ്രജാലങ്ങളാണ് സാമ്പിൾ വെടിക്കെട്ടിൽ മാനത്ത് ദൃശ്യമാകുക. തേക്കിൻകാടിന്റെ നീലാകാശത്തു ഇത്തവണ വർണ്ണ വിസ്മയങ്ങൾക്കാകും കൂടുതൽ പ്രാധാന്യം.വെടിക്കെട്ടിനു തിരുവമ്പാടി വിഭാഗമാണ് ആദ്യം തീ കൊളുത്തുക. തുടർന്ന് പാറമേക്കാവും തീ കൊളുത്തും. വർണവിതാനം കൂട്ടി കാഠിന്യം കുറച്ചാണ് വെടിക്കെട്ട് ഒരുക്കുന്നത്. എന്നാൽ ഇരുവിഭാഗങ്ങളും വെടിക്കെട്ടിന്റെ വൈവിധ്യവും പൊലിമയും ചോരുകയില്ലെന്ന് ഉറപ്പിക്കുകയും ചെയ്യും.

പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ നിർമ്മിച്ച മൂന്ന് അലങ്കാര പന്തലുകളിലെ ദീപാലങ്കാരങ്ങൾ വൈകീട്ട് സ്വിച്ച് ഓൺ ചെയ്യും. പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലും തിരുവമ്പാടി വിഭാഗം നടുവിലാൽ, നായ്ക്കനാൽ എന്നിവിടങ്ങളിലുമാണ് പന്തൽ നിർമ്മിച്ചിരിക്കുന്നത്. പാറമേക്കാവ് വിഭാഗത്തിന്റെ ആനച്ചമയ പ്രദർശനം ഇന്ന് വൈകീട്ട് മൂന്നിന് പാറമേക്കാവ് അഗ്രശാലയിലും തിരുവമ്പാടി വിഭാഗത്തിന്റെ ചമയപ്രദർശനം നാളെ രാവിലെ 10 ന് കൗസ്തുഭം ഹാളിലും നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top