Advertisement

ഐഎം വിജയൻ, യൊഹാൻ ക്രൈഫ്: അമ്മ വളർത്തിയ മക്കൾ

May 12, 2019
Google News 1 minute Read

ആംസ്റ്റർഡാമിലെ ചരിത്രമുറങ്ങുന്ന അയാക്സ് ഫുട്ബാൾ സ്റ്റേഡിയത്തിന്റെ ഓഫീസ് ചുമരുകളിൽ നിരനിരയായി തൂക്കിയിട്ട താരങ്ങളുടെ കൂറ്റൻ ഫോട്ടോകൾ ഇമവെട്ടാതെ അന്തം വിട്ടു നോക്കിനിന്ന ഒരു പാവം സ്ത്രീ ഉണ്ടായിരുന്നു പണ്ട് – അയാക്സ് ക്ലബ്ബിലെ തൂപ്പുകാരി .

പന്തുകളിക്കാരനായ മകന്റെ ചിത്രം ചുമരിലെ സുവർണ്ണ താര നിരയിൽ ഇടം പിടിക്കുന്ന അസുലഭ മുഹൂർത്തം സ്വപ്നം കണ്ടു നടന്ന ആ അമ്മയ്ക്ക് മറ്റൊരു ഹോബി കൂടിയുണ്ടായിരുന്നു: അയാക്സിന്റെ സൂപ്പർ താരങ്ങൾ ഉപയോഗിച്ച് ഉപേക്ഷിച്ചു കളയുന്ന ഫുട്ബോൾ ജേഴ്സികൾ ഭദ്രമായി സ്വന്തം പെട്ടിയിൽ സൂക്ഷിച്ചു വെക്കുക. എന്നെങ്കിലുമൊരിക്കൽ മകൻ അത് അണിഞ്ഞു കാണാനുള്ള നിഗൂഢ മോഹവുമായി.

അമ്മ നെയ്ത പകൽക്കിനാവിന് കളിക്കളത്തിൽ മജ്ജയും മാംസവും നൽകുന്ന തിരക്കിലായിരുന്നു മകൻ. പതിനാലാം വയസ്സിൽ അവൻ അയാക്സിന്റെ ജൂനിയർ ടീമിലെത്തി; അഞ്ചു വർഷത്തിനകം സീനിയർ ടീമിലും. അത് വഴി ഡച്ച് ഫുട്ബാളിന്റെയും ലോക ഫുട്ബാളിന്റെയും ഉത്തുംഗ ശൃംഗങ്ങളിലേക്ക് അശ്വരഥമോടിച്ചു പോയ, നീലക്കണ്ണുകളും സ്വർണത്തലമുടിയുമുള്ള ആ പയ്യനെ നിങ്ങൾ അറിയും — യോഹാൻ ക്രൈഫ്. വെടിയുണ്ടകൾ ഉതിർക്കുന്ന ഒരു ജോഡി ബൂട്ടുകളാൽ 1970 കളിൽ ഫുട്ബോൾ ലോകത്തെ ചൊൽപ്പടിക്ക് നിർത്തിയ അതേ ക്രൈഫ് തന്നെ: ടോട്ടൽ ഫുട്ബാളിന്റെ ആചാര്യൻ.

തന്റെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന വിജയങ്ങളെല്ലാം ക്രൈഫ് സമർപ്പിച്ചിരിക്കുന്നത് ആ നാട്ടിൻപുറത്തുകാരിയ്ക്കാണ് . അയാക്സ് ക്ലബ്ബിന്റെ ഓഫീസ് അടിച്ചുവാരിയും കളിക്കാരുടെ വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിട്ടും അടുക്കള ജോലി ചെയ്തും സമ്പാദിച്ച തുച്ഛമായ കൂലി കൊണ്ട് മകന്റെ വിശപ്പടക്കാൻ പെടാപ്പാട് പെട്ട പാവം അമ്മയ്ക്ക്. “എനിക്ക് ലഭിച്ച ബഹുമതികൾ എല്ലാം ചേർത്തുവെച്ചാലും അമ്മയൊഴുക്കിയ വിയർപ്പിനും കണ്ണീരിനും പകരമാവില്ല.”– ക്രൈഫ് ഒരിക്കൽ പറഞ്ഞു.

ഇങ്ങിവിടെ, തൃശൂരിലെ കോലോത്തുംപാടത്ത്, അയിനിവളപ്പിൽ മണിയുടെ ഭാര്യ കൊച്ചമ്മുവിനും കാലം കനിഞ്ഞുനൽകി അതേ സൗഭാഗ്യം. ഇന്ത്യൻ ഫുട്ബോൾ കണ്ട എക്കാലത്തേയും തന്ത്രശാലിയായ സ്ട്രൈക്കർമാരിൽ ഒരാളായി വാഴ്ത്തപ്പെടുന്ന ഐ.എം. വിജയന്റെ ഏറ്റവും തിളക്കമാർന്ന വിജയങ്ങളെല്ലാം സമർപ്പിക്കപ്പെട്ടിരിക്കുന്നത് ജീവിതത്തിൽ നിരവധി പരീക്ഷണങ്ങളിലൂടെയും യാതനകളിലൂടെയും കടന്നുപോന്ന ഈ അമ്മയ്ക്കാണ്.

ക്രൈഫിന്റെ ദുരിതമയമായ ബാല്യവുമായി ഏറെ സാമ്യമുണ്ട്‌ വിജയന്റെ ആദ്യനാളുകൾക്ക്. അച്ഛൻ മണി ഒരു റോഡപകടത്തിൽ മരണത്തിനു കീഴടങ്ങുമ്പോൾ പിഞ്ചു കുഞ്ഞുങ്ങളാണ് വിജയനും അനിയനും. പറക്കമുറ്റാത്ത മക്കളുടെ വിശപ്പടക്കാൻ കണ്ണിൽ കണ്ട ജോലിയെല്ലാം ചെയ്യേണ്ടി വന്നു കൊച്ചമ്മുവിന്. സൂര്യനുദിക്കും മുൻപ് തൃശൂരിലെ നഗര വീഥികളിലൂടെ പാട്ടയും കുപ്പിയും പെറുക്കാൻ ചാക്കുമായി ഇറങ്ങുന്ന രോഗിയായ അമ്മയെ കണ്ടാണ്‌ വിജയൻ വളർന്നത്‌. “അവർ അന്നനുഭവിച്ച ദുരിതത്തിന് ഞാൻ പന്തുകളിച്ചു സമ്പാദിച്ച ലക്ഷങ്ങളെക്കാൾ വിലയുണ്ട്‌.”- വിജയന്റെ വാക്കുകൾ .

പ്രകടമായ സാമ്യം ക്രൈഫിന്റെയും വിജയന്റെയും ഫുട്ബോൾ ജീവിതം രൂപപ്പെടുത്തിയ സാഹചര്യങ്ങൾക്കാണ്. ക്രൈഫിനെ പോലെ പഠിത്തം ഇടയ്ക്കുവച്ചു അവസാനിപ്പിച്ചു സ്കൂളിനോട് അകാലത്തിൽ വിട പറഞ്ഞ കുട്ടിയായിരുന്നു വിജയനും. പ്രകൃതിദത്തമായ കഴിവുകൾ കഠിനാധ്വാനത്താൽ മിനുക്കിയെടുക്കുക എന്ന ദൗത്യം മാത്രമേ ഇരുവർക്കും നിറവേറ്റാൻ ഉണ്ടായിരുന്നുള്ളൂ. ക്രൈഫിന്റെ ഫുട്ബാൾ ജീവിതത്തിൽ അയാക്സിന്റെ റുമേനിയൻ കോച്ച് സ്റ്റീഫൻ കൊവാക്സിനുള്ളയത്ര തന്നെ സ്വാധീനം വിജയന്റെ കഴിവുകൾ തേച്ചു മിനുക്കിയതിൽ ടി.കെ.ചാത്തുണ്ണിക്കും ഉണ്ട്.

പിന്നെവിടെയാണ് യോഹാൻ ക്രൈഫ് ഐ.എം.വിജയനിൽ നിന്ന് വ്യത്യസ്തനാകുന്നത്? പ്രതിഭാസമ്പന്നരായ ഈ രണ്ടു കളിക്കാരെ വേർതിരിക്കുന്ന ഒരൊറ്റ ഘടകമേയുള്ളൂ: ക്രൈഫ് ഹോളണ്ടിലും വിജയൻ ഇന്ത്യയിലും ജനിച്ചു എന്നത് തന്നെ. യോഹാൻ നീസ്കെൻസ്, പിയറ്റ് കൈസർ, വിംസൂർബി, ഏരീ ഹാൻ, റൂഡി ക്രോൾ എന്നിങ്ങനെ പ്രതിഭാശാലികളുടെ ഒരു സൈന്യത്തോടോപ്പമാണ് ക്രൈഫ് തന്റെ ഏറ്റവും മികച്ച നാളുകളിൽ ബൂട്ടണിഞ്ഞത്. ജീനിയസ്സുകൾ അണിനിരന്ന ഒരു ഓർക്കസ്ട്ര കണ്ടക്റ്റ് ചെയ്യേണ്ട ലഘുവായ ദൗത്യമേ ഉണ്ടായിരുന്നുള്ളൂ ക്രൈഫിന് .

വിജയന്റെ കഥയോ? ശരാശരിക്കാർക്കും അതിലും താഴേക്കിടക്കാർക്കുമൊത്ത് തന്റെ ഫുട്ബാൾ ജീവിതം കളിച്ചുതീർക്കുകയായിരുന്നു ഈ `കറുത്ത മുത്ത്’. തനിക്കൊപ്പം നിൽക്കാവുന്ന പ്രതിഭകളെ അപൂർവമായേ കണ്ടുമുട്ടിയിട്ടുണ്ടാവുള്ളു കളിക്കളത്തിൽ വിജയൻ. “രണ്ടു വിജയന്മാരെ കൂടി തരൂ. ഈ ഇന്ത്യൻ ടീമിനെ ഞാൻ ഏഷ്യൻ ചാമ്പ്യൻമാരാക്കി കാണിച്ചു തരാം,”– ലോകകപ്പിൽ കളിച്ച ചരിത്രമുള്ള ജോസഫ് ഗലി എന്ന ഹംഗറിക്കാരനായ മുൻ ഇന്ത്യൻ കോച്ചിന്റെ വാക്കുകൾ ഓർമ്മ വരുന്നു.

മറ്റൊന്ന് കൂടിയുണ്ട്: കളിക്കളത്തിനു പുറത്ത് ക്രൈഫ് കൊണ്ടുനടന്നിരുന്ന തലക്കനവും ധാർഷ്ട്യവും വിജയന് അന്യമായിരുന്നു. “മനുഷ്യൻ ഇത്രയും വിനയശാലി ആയിക്കൂടാ”– സഹകളിക്കാരനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ബൈച്ചുംഗ് ബൂട്ടിയ വിജയനെ കുറിച്ച് നടത്തിയ ഈ രസികൻ പരാമർശത്തിൽ ലവലേശമില്ല അതിശയോക്തി.

പക്ഷെ, ഈ വിനയം കളിക്കളത്തിനു പുറത്തേ വിജയൻ കൊണ്ട് നടന്നിരുന്നുള്ളൂ. മൈതാനത്തെ വിസ്മയനീക്കങ്ങളിൽ, ഗോളടിമികവിൽ, കണിശമായ പാസിംഗിൽ, കടുപ്പമേറിയ ടാക്ലിംഗുകളിൽ തെല്ലും വിനയവാനായിരുന്നില്ല ഈ താരം. മാത്രമല്ല, തെല്ലൊരു “അഹങ്കാരി”യായിരുന്നു താനും.

ഓർമ്മ വരുന്നത് വിജയന്റെ പഴയൊരു ഗോളാണ്. നിറഞ്ഞു കവിഞ്ഞ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ തന്റെ ചോരയ്ക്ക് വേണ്ടി ആർത്തുവിളിക്കുന്ന പതിനായിരങ്ങളെ നിശബ്ദരാക്കിയ ഗോൾ. സ്വന്തം ഹാഫിൽ മധ്യരേഖയ്ക്കു മൂന്ന് വാര അകലെ നിന്ന് ലഭിച്ച ഒരു ത്രൂപാസുമായി പാർശ്വരേഖയ്ക്ക് സമാന്തരമായി കുതിച്ചു പായുന്ന വിജയൻ, എതിർ വിംഗ്ബാക്കിനെ നിമിഷാർദ്ധം കൊണ്ട് വെട്ടിച്ചു കടന്ന ശേഷം പൊടുന്നനെ ഓട്ടത്തിന്റെ ഗതിമാറ്റി പെനാൽറ്റി ഏരിയയിൽ പ്രവേശിക്കുന്നു. തീർത്തും അപ്രതീക്ഷിതമായ ആ നീക്കത്തിന് മുന്നിൽ സ്വാഭാവികമായും ആകെ അങ്കലാപ്പിലായി എതിർ ടീമിന്റെ പ്രതിരോധസേന. ദീർഘകായരായ എതിർ പ്രതിരോധഭടന്മാരുടെ തലയ്ക്കു മുകളിലൂടെ പന്ത് ഡീപ് ഡിഫൻസിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ നിന്നിരുന്ന രാമൻ വിജയൻ എന്ന സഹകളിക്കാരന് “ചെത്തി”യിട്ടു കൊടുത്ത് പിന്മാറുന്നു നമ്മുടെ വിജയൻ . ഇനിയുള്ള തമാശ കൈകെട്ടി നിന്ന് ആസ്വദിക്കാൻ.

ഒഴിഞ്ഞ ഗോൾ ഏരിയ. സ്ഥാനം തെറ്റി നിൽക്കുന്ന ഗോൾക്കീപ്പർ . പന്ത് ഗോളിലേക്ക് വെറുതെ ഒന്ന് തട്ടിയിടുകയേ വേണ്ടിയിരുന്നുള്ളൂ രാമന്. പകരം അത് തടുത്തു നിർത്തി അൽപം സമയമെടുത്തു തന്നെ ഒരു `സ്റ്റൈലൻ ‘ ഗോൾ (ഫോട്ടോഗ്രാഫർമാർക്ക് വേണ്ടി) സൃഷ്ടിക്കാനാണ് രാമൻ തീരുമാനിച്ചത്. ഗോൾക്കീപ്പർക്ക്‌ പൊസിഷൻ വീണ്ടെടുക്കാനും പ്രതിരോധ ഭടന്മാർക്ക് ഓടിക്കൂടാനും ആ നിമിഷങ്ങൾ ധാരാളമായിരുന്നു. നിയന്ത്രണത്തിൽ നിന്ന് വഴുതിപ്പോകുന്ന പന്തിനെ നോക്കി രാമൻ പകച്ചുനിൽക്കെയാണ് ആ അത്ഭുതം സംഭവിച്ചത്.

അതുവരെ ചിത്രത്തിൽ എങ്ങും ഇല്ലാതിരുന്ന വിജയൻ എങ്ങുനിന്നോ ഗോൾ ഏരിയയിൽ, പന്തിനു മുന്നിൽ പൊട്ടി വീഴുന്നു. രണ്ടു സ്റ്റോപ്പർ ബാക്കുകളുടെ കാലുകൾക്കിടയിലൂടെ, കീപ്പറുടെ കൈകളിലൂടെ, വിജയന്റെ ഷോട്ട് വലയിലേക്ക്.

സ്റ്റേഡിയത്തിലെ പേടിപ്പെടുത്തുന്ന നിശബ്ദത കാതടപ്പിക്കുന്ന ആരവത്തിനു വഴിമാറിയത് പെട്ടെന്നാണ്. ഇന്ത്യൻ ഫുട്ബാളിലെ മറ്റേതെങ്കിലും ഒരു കളിക്കാരന് അത്തരമൊരു ഗോളടിക്കാൻ കഴിയുമെന്നു അന്നും ഇന്നും തോന്നിയിട്ടില്ല. വളരെയേറെ കൊട്ടിഘോഷിക്കപ്പെടുന്ന ഈ തലമുറയിലെ കളിക്കാർക്കു പോലും.

(രവി മേനോൻ മാതൃഭൂമി സ്പോർട്സ് മാസികയിൽ എഴുതിയ കുറിപ്പ്)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here