Advertisement

‘ഞാനൊരു ആന പ്രേമിയല്ല; എന്നിട്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വേണ്ടി ഇടപെടുന്നത് അഭിമാന പ്രശ്നമായതിനാൽ’: കെ സുരേന്ദ്രൻ

May 12, 2019
Google News 0 minutes Read

താനൊരു ആനപ്രേമിയല്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. എന്നിട്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വേണ്ടി ഇടപെടുന്നത് അഭിമാന പ്രശ്നമായതിനാലാണെന്നും സുരേന്ദ്രൻ പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സുരേന്ദ്രൻ്റെ വെളിപ്പെടുത്തൽ.

കരിമരുന്നും കരിവീരൻമാരുമല്ല കരുണയും സഹാനുഭൂതിയും നാരായണസേവയുമായിരിക്കണം ക്ഷേത്രങ്ങൾ നൽകുന്ന സന്ദേശമെന്ന് ഉറച്ചുവിശ്വസിക്കുന്ന ആളാണ് താനെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കുന്നു. എന്നിട്ടും എന്തിന് തെച്ചിക്കോട്ടുകാവ് സുരേന്ദ്രന് വേണ്ടി ഇടപെടുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്:

തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ എന്ന നിരവധി പേരെ കൊന്ന ഒരാനയ്ക്കുവേണ്ടി എന്തിനാണ് ഇടപെടുന്നതെന്ന് ഒട്ടേറെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും എന്നോട് ചോദിച്ചിട്ടുണ്ട്. ആനയെങ്ങാനും പൂരത്തിനിടെ ഇടഞ്ഞാൽ അത് പിന്നീടൊരു ബാധ്യതയാവില്ലേ എന്നൊക്കെ ആശങ്കപ്പെട്ടവരുമുണ്ട്. സത്യം പറയട്ടെ ഞാനൊരാനപ്രേമിയോ ഉൽസവ ധൂർത്തുകളെ അനുകൂലിക്കുന്ന ആളോ അല്ല. കരിമരുന്നും കരിവീരൻമാരുമല്ല കരുണയും സഹാനുഭൂതിയും നാരായണസേവയുമായിരിക്കണം ക്ഷേത്രങ്ങൾ നൽകുന്ന സന്ദേശമെന്ന് ഉറച്ചുവിശ്വസിക്കുന്ന ആളുമാണ് ഞാന്‍. ഉൽസവങ്ങളിൽ ധൂർത്തടിക്കുന്ന പണത്തിന്റെ ഒരംശമെങ്കിലും സാംസ്കാരിക വിദ്യാഭ്യാസത്തിനും മതപഠനത്തിനും സേവാ കാര്യങ്ങൾക്കും ചെലവഴിക്കണമെന്നും ഉറച്ചു വിശ്വസിക്കുന്നയാളുമാണ് ഈയുള്ളവൻ. എന്നാൽ ഇതൊരു ആത്മാഭിമാന പ്രശ്നമായാണ് ഞാന്‍ കാണുന്നത്. ഈ പ്രശ്നം മറ്റേതെങ്കിലും ജനവിഭാഗത്തിന്റെ പ്രശസ്തമായ ഒരു ദേവാലയത്തിനാണ് നേരിടേണ്ടി വന്നതെങ്കിൽ നമ്മുടെ ഭരണകൂടവും രാഷ്ട്രീയപാർട്ടികളും ഉദ്യോഗസ്ഥരും മാധ്യമങ്ങളും പൊതുസമൂഹവും മൃഗസ്നേഹികളും എന്തു നിലപാടെടുക്കുമായിരുന്നു എന്നതാണ് പ്രധാന പ്രശ്നം. ഇവിടെ എല്ലാ കാലത്തും ഒരു വിഭാഗത്തോട് ഒരു പ്രത്യേക നയമാണ്. ഒരിക്കലും ഒരിടത്തും ഒരുകൂട്ടർ ജയിച്ചുകൂടെന്ന മ്ളേഛമായ നിർബന്ധബുദ്ധി. പരിഹസിക്കാനും ആക്ഷേപിക്കാനും അവഗണിക്കാനും അടിച്ചമർത്താനുമുള്ള ഒരുതരം അഭിവാഞ്ഛ. നിങ്ങൾക്കുവേണ്ടി ആരുണ്ടിവിടെ ചോദിക്കാനെന്നുള്ള അഹങ്കാരദ്യോതകമായ ആധിപത്യമനോഭാവം. അതാണ് ശബരിമലയിൽ കണ്ടതും പിറവത്ത് കാണാതിരുന്നതും. സുകുമാരൻ നായർ പറഞ്ഞാൽ കുറ്റം , ഓർത്തഡോക്സ് സഭ തെരഞ്ഞെടുപ്പ് ദിവസം ഫത്വ പുറപ്പെടുവിക്കുന്നത് പുരോഗമനം. വെള്ളാപ്പള്ളി ഭൂരിപക്ഷ ഐക്യത്തെക്കുറിച്ചു പറഞ്ഞാൽ കള്ളൻ ,മതിലിനു പോയാൽ ഹരിശ്ചന്ദ്രൻ. ആറുപതിറ്റാണ്ടുകാലം അടിമകളാക്കി വെച്ചവരുടെ അഭിമാനം വീണ്ടെടുക്കാനാണ് ആനക്കാര്യം ചേനക്കാര്യമല്ലെന്ന് പറയാൻ നിർബന്ധിതമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here