മറന്നുപോയ ഇടങ്ങളിലേക്ക് വീണ്ടും നടക്കാനുള്ള ഓർമ്മപ്പെടുത്തൽ; ശ്രദ്ധേയമായി ‘മറവി’

ബോധപൂർവം മറക്കുന്ന ചില ഇടങ്ങളിലേക്ക് വീണ്ടും നടക്കാനുള്ള ഓർമ്മപ്പെടുത്തലുമായി ഒരു ഹ്രസ്വ ചിത്രം. ‘ മറവി’ എന്ന് പേരിട്ടിരിക്കുന്ന ഷോർട്ട് ഫിലിം വളരെ കുറച്ചു ദിവസംകൊണ്ടുതന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയിരിക്കുകയാണ്. അതിനുള്ള കാരണം ആ ഓർമ്മപ്പെടുത്തൽ തന്നെയാണ്.

എഴുത്തുകാരൻ ആകാൻ ആഗ്രഹിച്ച വിദ്യാർത്ഥിക്ക് പൂർണ്ണ പിന്തുണ നൽകിയ അധ്യാപികയെ, വളർന്ന് വലുതായി ആ ആഗ്രഹം സാധിച്ചെടുത്തപ്പോൾ കാണാൻ എത്തുന്ന സന്തോഷ് എന്ന ചെറുപ്പക്കാരന്റെ അന്വേഷണങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അയാളുടെ ആദ്യ പുസ്തകം പുറത്തിറങ്ങിയപ്പോൾ അത് ആദ്യം ഏറ്റുവാങ്ങേണ്ടത് അന്ന് പിന്തുണ നൽകിയ ഓമന ടീച്ചർ ആയിരിക്കണമെന്ന് സന്തോഷ് ആഗ്രഹിച്ചു. അതിന് ഭാര്യയോടു പോലും പറയാതെ സന്തോഷ് ഓമന ടീച്ചറെ അന്വേഷിച്ച് ഇറങ്ങി. സന്തോഷിന്റെ അന്വേഷണം എത്തി നിന്നത് ഒരു വൃദ്ധസദനത്തിലാണ്. മക്കളാൽ ഉപേക്ഷിക്കപ്പെട്ട് മറവിയുടെ ലോകത്തായിരുന്നു ഓമന ടീച്ചർ. തന്റെ പുസ്തകം ടീച്ചർക്ക് നൽകാൻ സന്തോഷ് കരുതിയിരുന്നു. എന്നാൽ ഒന്നു സംസാരിക്കാൻ പോലും കഴിയാതെ, നിറ കണ്ണുകളോടെ ടീച്ചറുടെ അടുത്തു നിന്നും മടങ്ങുകയാണ് സന്തോഷ് ചെയ്തത്. ടീച്ചർക്കു നൽകാൻ കരുതിയ പുസ്തകം വൃദ്ധസദനത്തിന്റെ നടത്തിപ്പുകാരെ ഏൽപ്പിക്കുകയും ചെയ്തു.

അവിടെ നിന്നും മടങ്ങുമ്പോൾ സന്തോഷിന്റെ മനസിലേക്ക് കടന്നു വന്ന ചില കുട്ടിക്കാല ഓർമ്മകളുണ്ട്. ഓമന ടീച്ചറും സന്തോഷും തമ്മിലുള്ള ഒരു സംഭാഷണം.

‘സന്തോഷേ, നിനക്ക് വലുതാകുമ്പോൾ ആരാകാനാണ് മോഹം?’ ഓമന ടീച്ചർ ചോദിക്കുന്നു.

‘എനിക്ക് ഒരു എഴുത്തുകാരനാകാനാണ് മോഹം. പക്ഷേ അച്ഛൻ സമ്മതിക്കില്ല’. അതിന് സന്തോഷിന്റെ മറുപടി.

‘അച്ഛനൊക്കെ സമ്മതിക്കുമേന്നേ. നമ്മൾ ജയിച്ചു കാട്ടിയാൽ ഈ ലോകം മുഴുവൻ സമ്മതിക്കും. വലിയ എഴുത്തുകാരനാകുമ്പോ ഈ ടീച്ചറെ മറക്കുമോ?’ അതായിരുന്നു ഓമന ടീച്ചറുടെ ചോദ്യം.

തന്റെ സ്വപ്‌നം സഫലമായപ്പോൾ അതിന്റെ സന്തോഷം പങ്കുവെയ്ക്കാൻ സന്തോഷ് ആദ്യം ഓമന ടീച്ചർക്ക് അടുത്തേക്ക് എന്തുകൊണ്ട് എത്തി എന്ന് ഈ സംഭാഷണങ്ങൾ പറയും. ഓർമ്മപ്പെടുത്തലാണ് ‘മറവി’. ജീവിതത്തിൽ വിലയർഹിക്കുന്നത് ബന്ധങ്ങൾക്കാണെന്ന വലിയ ഓർമ്മപ്പെടുത്തൽ

13 മിനിറ്റോളം ദൈർഘ്യമുള്ള ചിത്രത്തിന്റെ സംവിധാനവും തിരകഥയും നിർവഹിച്ചിരിക്കുന്നത് വിവേക് കുമാറാണ്. ജസ്റ്റിൻ വർഗീസാണ് മറവിയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആർ ജെ. ജോസഫ് അന്നംകുട്ടി ജോസും മുൻ ആകാശവാണി പ്രോഗ്രാം അനൗൺസർ തങ്കമണി ടീച്ചറും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഹൃഷീകേശ് അനിൽകുമാറും പ്രിയങ്കാ ജോണുമാണ് മറ്റു അഭിനേതാകൾ.

വീ തിങ്ക് ഫിലിംസ് പ്രൊഡ്കഷന്റെ ബാനറിൽ ബിനു ഇടത്തികരയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹരിശങ്കർ വേണുഗോപാൽ ക്യാമറയും ആന്റേർസെ കച്ചപ്പിള്ളി എഡിറ്റിംങും ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം ജെയ്‌സ് ജോണാണ്. ജോസഫ് അന്നംകുട്ടി തന്റെ യൂട്യൂബിൽ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം ഇതിനോടകം എൺപതിനായിരത്തിലധികം പേർ കണ്ടു കഴിഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More