Advertisement

ചമയങ്ങളഴിച്ച് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മടങ്ങി

May 12, 2019
Google News 1 minute Read

തൃശൂർ പൂരത്തിന് വിളംബരം അറിയിച്ച്, ചമയങ്ങളഴിച്ച് ഏകഛത്രാപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മടങ്ങി. വടക്കുംനാഥ ക്ഷേത്രം അത്യപൂർവമായ കാഴ്ചയ്ക്കാണ് വേദിയായത്. പൂരവിളംബര ചടങ്ങിൽ പങ്കെടുക്കുന്നതിനപ്പുറം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒരു നോക്കുകാണുക എന്ന ലക്ഷ്യത്തോടെ പതിനായിരങ്ങളാണ് ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത്. പൂരവിളംബരം കഴിഞ്ഞ് മടങ്ങിയ രാമചന്ദ്രനെ വൻ ജനാവലിയാണ് യാത്രയാക്കിയത്. രാമചന്ദ്രന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൻ ആരവങ്ങളും മുഴങ്ങി.

കർശന ഉപാധികളോടെയാണ് തൃശൂർ പൂരവിളംബരത്തിൽ പങ്കെടുക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയത്. 9.30 മുതൽ 10.30 വരെയുള്ള ഒരു മണിക്കൂർ സമയം ചടങ്ങിൽ പങ്കെടുക്കാനായിരുന്നു കളക്ടർ അനുവാദം നൽകിയത്. ആനയെ ലോറിയിൽ വടക്കുംനാഥ ക്ഷേത്രപരിസരത്ത് കൊണ്ടുവരികയും ചടങ്ങ് പൂർത്തിയായാൽ ഉടൻ തിരികെ കൊണ്ടുപോകുകയും വേണമെന്ന് കളക്ടർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് പാപ്പാൻമാരുടെ അകമ്പടിയോടെയാണ് രാമചന്ദ്രൻ തേക്കിൻകാട് മൈതാനത്തിൽ എത്തിയത്. തുടർന്ന് ചമയങ്ങൾ അണിഞ്ഞ് മണികണ്ഠനാലിൽ എത്തി. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മറ്റൊരു ആനയിൽ നിന്നുമാണ് രാമചന്ദ്രൻ ഇത്തവണ തിടമ്പേറിയത്. തുടർന്ന് ചടങ്ങുകൾക്കായി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. ഈ സമയമത്രയും സ്ത്രീകൾ ഉൾപ്പെടെ വൻ ജനക്കൂട്ടം ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയിരുന്നു.

മണിക്കൂറുകൾക്ക് ശേഷം സമയം പത്തര പിന്നിട്ടപ്പോൾ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി നട തുറന്ന് രാമചന്ദ്രൻ പുറത്തിറങ്ങി. ഇതോടെ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി. ഇതിനിടെ ജനങ്ങൾക്കിടയിൽ നിന്നും ആൾപ്പുവിളികൾ ഉയർന്നു. ചടങ്ങുൾ തീർത്ത് ചമയങ്ങൾ അഴിച്ച് തെക്കേഗോപുര നടയ്ക്ക് മുന്നിൽവെച്ചാണ് രാമചന്ദ്രനെ ലോറിയിൽ കയറ്റിയത്. രാമചന്ദ്രനെ കയറ്റിയ ലോറിക്ക് പിന്നാലെ ജനക്കൂട്ടം വളരെ ദൂരം പിന്തുടർന്നു. പൊലീസ് വളരെ കഷ്ടപ്പെട്ടാണ് ജനങ്ങളെ നിയന്ത്രിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here