തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണവേട്ട; 25 കിലോ സ്വർണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യാത്രക്കാരനിൽ നിന്ന് 25 കിലോ സ്വർണ്ണം ഡിആർഐ സംഘം പിടികൂടി. തിരുവനന്തപുരം തിരുമല സ്വദേശി സുനിലിന്റെ പക്കൽ നിന്നാണ് 8 കോടി രൂപ വിലവരുന്ന സ്വർണം പിടിച്ചെടുത്തത്. ഇന്ന് രാവിലെ ഒമാനിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലെത്തിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്ന് ഡിആർഐ പരിശോധനയ്ക്കു വിധേയനാക്കുകയായിരുന്നു.
ബിസ്‌ക്കറ്റ് രൂപത്തിലുള്ള സ്വർണമാണ് പിടിച്ചെടുത്തത്. സുനിലിനെ കൂടാതെ ഒരാളെ കൂടി സംഭവവുമായി ബന്ധപ്പെട്ട് ഡിആർഐ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ നടക്കുന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്.രണ്ടാഴ്ച മുമ്പും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയിരുന്നു.8 കിലോ സ്വർണമാണ് യാത്രക്കാരനിൽ നിന്നും പിടികൂടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here