ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട. കേരളാ കോൺഗ്രസ് എമ്മിലെ ഭിന്നതയും പോസ്റ്റൽ ബാലറ്റ് വിവാദവും കള്ളവോട്ടുമുൾപ്പെടെ യോഗത്തിൽ ചർച്ചയാകും.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ സംസ്ഥാനതല അവലോകനമാണ് ഇന്ന് ചേരുന്ന യു ഡി എഫ് ഏകോപന സമിതിയുടെ മുഖ്യ അജണ്ട. കെ.എം മാണിയുടെ വിയോഗത്തിനു പിന്നാലെ കേരളാ കോൺഗ്രസ് എമ്മിൽ ഉടലെടുത്തിരിക്കുന്ന ഭിന്നതയും യോഗത്തിൽ ചർച്ചയാകും. പാർട്ടി മുഖപത്രമായ പ്രതിച്ഛായയിൽ വന്ന ലേഖനം സംബന്ധിച്ച് കേരള കോൺഗ്രസ് എം നേതാക്കൾ മുന്നണി യോഗത്തിൽ നിലപാട് വിശദീകരിച്ചേക്കും.
Read Also : വോട്ടർ പട്ടികയിൽ തിരിമറി നടന്നു; 10 ലക്ഷം യുഡിഎഫ് വോട്ടുകൾ സിപിഎം വെട്ടിയെന്ന് ഉമ്മൻ ചാണ്ടി
കള്ളവോട്ട് വിവാദമാണ് യോഗം ചർച്ച ചെയ്യുന്ന മറ്റൊരു പ്രധാന വിഷയം. മുസ്ലീം ലീഗ് പ്രവർത്തകരുടെ കള്ളവോട്ട് മുന്നണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ കൈക്കൊള്ളേണ്ട നിലപാടും യോഗത്തിൽ ധാരണയാകും. പോസ്റ്റൽ ബാലറ്റ് വിവാദവും ക്രൈംബ്രാഞ്ച് അന്വേഷണവും ഇടതുമുന്നണിക്കും സർക്കാരിനുമെതിരെ ആയുധമാക്കാനുള്ള ആലോചനയും യുഡിഎഫിനുണ്ട്. വിഷയത്തിൽ മുന്നണി സ്വീകരിക്കേണ്ട പ്രക്ഷോഭ പരിപാടികൾക്കും യോഗം രൂപം നൽകിയേക്കും. വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന ആക്ഷേപവും യോഗത്തിന്റെ പരിഗണനക്കു വരും. വിഷയം സജീവമായി നിലനിർത്താനാണ് മുന്നണിയുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here