Advertisement

താല്‍ക്കാലിക വര്‍ക്കിംഗ് ചെയര്‍മാന്‍ ചുമതല പി ജെ ജോസഫിന്; കേരള കോണ്‍ഗ്രസ് സംസ്ഥാനകമ്മറ്റി സര്‍ക്കുലര്‍ ഇറക്കി

May 13, 2019
Google News 0 minutes Read

പി.ജെ ജോസഫിനെ വെട്ടി ജോസ് കെ മാണിയെ ചെയര്‍മാനാക്കാനുള്ള നീക്കത്തില്‍ മാണിപക്ഷത്ത് ഭിന്നത. ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫിന് കൈമാറി കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി സര്‍ക്കുലര്‍ ഇറക്കി. പാര്‍ട്ടി ഭരണഘടനയുടെ ഇരുപത്തിയൊന്‍പതാം വകുപ്പ് പ്രകാരമാണ് ചുമതല നല്‍കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം സര്‍ക്കുലറില്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നും ജോയ് എബ്രഹാം വ്യക്തമാക്കി.

കെ.എം മാണിയുടെ നാല്‍പ്പത്തിയൊന്നാം ചരമ ദിനത്തിനു മുമ്പേ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കമാരംഭിച്ചതില്‍ മാണി വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ അതൃപ്തരായിരുന്നു. പി.ജെ ജോസഫിനെതിരായ പ്രതിച്ഛായ ലേഖനവും, ജോസ് കെ മാണിയെ ചെയര്‍മാന്‍ ആക്കണമെന്ന ജിലാ പ്രസിഡന്റുമാരുടെ ആവശ്യവും മാണി ഗ്രൂപ്പിനുള്ളില്‍ ഉണ്ടാക്കിയ ഭിന്നത ചെറുതല്ല. ഇതിന്റെ മറ നീക്കിയാണ് ഔദ്യോഗിക പക്ഷത്തു നിന്നു തന്നെ ജോസഫിനെ പിന്തുണച്ച് നീക്കമുണ്ടായത്.

ചെയര്‍മാന്റെ താല്‍കാലിക ചുമതല വൈസ് ചെയര്‍മാന്‍ പി.ജെ ജോസഫിന് കൈമാറിയാണ് ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം സര്‍ക്കുലര്‍ ഇറക്കിയത്. പി.ജെ ജോസഫിന്റെ അധ്യക്ഷതയില്‍ മേയ് പതിനഞ്ചിന് തിരുവനന്തപുരത്ത് കെ.എം മാണി അനുസ്മരം സംഘടിപ്പിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പാര്‍ട്ടിയിലെ ഒഴിവുകള്‍ സംസ്ഥാന കമ്മറ്റി, പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷം നികത്തുമെന്നും ജോയ് എബ്രഹാം സംസ്ഥാന കമ്മറ്റിക്കു വേണ്ടി വ്യക്തമാക്കി. പാര്‍ട്ടി ഭരണഘടന മറികടന്ന് സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള നീക്കങ്ങള്‍ക്ക് മുതിര്‍ന്ന നേതാക്കള്‍ പിന്തുണ നല്‍കില്ലെന്ന സൂചനയാണ് ഇതോടെ പുറത്തുവന്നത്. പാര്‍ട്ടിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ജോസ് കെ മാണിയെ ചെയര്‍മാനാക്കാനുള്ള മാണി വിഭാഗത്തിന്റെ കണക്കുകൂട്ടലിലാണ് ഇതോടെ മങ്ങുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here