അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ച സംഭവം; ബാങ്കുകളെ നിലയ്ക്കുനിർത്തണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരത്ത് ബാങ്കിന്റെ ജപ്തി നടപടിയെ തുടർന്ന് അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്‌ഐ. ബാങ്കുകളെ നിലക്ക് നിർത്തണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. സാധാരണകാർക്ക് വേണ്ടി ഒരുകാലത്ത് ആരംഭിച്ച പൊതുമേഖലാ ബാങ്കുകൾ ഇന്ന് കച്ചവട കണ്ണോടെ പ്രവർത്തിക്കുന്ന ബ്ലൈഡ് സംഘങ്ങളായി അധ:പതിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ പറഞ്ഞു.
ബാങ്ക് മാനേജർമാർ ആരാച്ചാർമാരായി മാറിയാൽ കൈയും കെട്ടി നോക്കിനിൽക്കാനാവില്ല. കോർപ്പറേറ്റുകൾക്കും വൻകിടക്കാർക്കും യഥേഷ്ടം വായ്പകളും വായ്പായിളവുകളും പ്രഖ്യാപിക്കുന്ന പൊതുമേഖലാ ബാങ്കുകൾ സാധാരണക്കാരന് പൂർണമായി അപ്രാപ്യമായി മാറുകയാണ്. നെയ്യാറ്റിൻകരയിൽ ബാങ്ക് മാനേജരുടെ തുടർച്ചയായുള്ള സമ്മർദ്ദത്തിന്റെ ഫലമായാണ് ആ ദാരുണസംഭവം ഉണ്ടായത്. സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തണം. ബാങ്ക് മാനേജരുടെയോ ബാങ്ക് അധികൃതരുടെയോ ഭാഗത്തുനിന്ന് അതിരുകടന്ന പ്രവർത്തനമുണ്ടായിട്ടുണ്ടെങ്കിൽ അവരെയും പ്രതിചേർക്കണം. ഇനിയൊരു സംഭവം ആവർത്തിക്കാത്തവിധം മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കാനറ ബാങ്കിന്റെ ജപ്തി നടപടികളെ തുടർന്നാണ് നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചത്. പത്തൊൻപതു വയസുകാരിയായ മകൾ വൈഷ്ണവി സംഭവ സ്ഥലത്തു തന്നെ മരിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അമ്മ ലേഖ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബാങ്കിനെതിരെ ശക്തമായ പ്രതിഷേധനാണ് ഉയർന്നിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here