Advertisement

നെയ്യാറ്റിൻകര ജപ്തി നടപടി; ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മരിച്ചു

May 14, 2019
Google News 0 minutes Read

നെയ്യാറ്റിൻകരയിൽ ബാങ്കിന്റെ ജപ്തി നടപടിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മരിച്ചു. നെയ്യാറ്റിൻകര സ്വദേശിനി ലേഖയാണ് മരിച്ചത്. ലേഖയ്ക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. നേരത്തേ മകൾ വൈഷ്ണവി സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.

ഇന്ന് വൈകീട്ട് മൂന്നു മണിയോടെയാണ് ലേഖയും വൈഷ്ണവിയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വായ്പ കുടിശിക തിരിച്ചടയ്ക്കാനുള്ള അവധി ഇന്ന് തീരാനിരിക്കെയായിരുന്നു ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്. കാനറ ബാങ്കിൽ നിന്നും വീട് നിർമ്മിക്കാനായിരുന്നു കുടുംബം വായ്പയെടുത്തത്. ഏകദേശം അഞ്ച് ലക്ഷം രൂപയാണ് കുടുംബം വായ്പയെടുത്തത്. പലിശ ഉൾപ്പെടെ 7.80 ലക്ഷം രൂപ തിരിച്ചടക്കേണ്ടതായി ഉണ്ടായിരുന്നു. പണം തിരിച്ചടക്കാൻ കുടുംബം സാവകാശം ചോദിച്ചിരുന്നുവെങ്കിലും ബാങ്ക് സമയം അനുവദിച്ചില്ല. തുടർന്ന് ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ മുന്നോട്ടുപോകുകയായിരുന്നു. ജപ്തി നോട്ടീസ് ലഭിച്ച ഘട്ടത്തിൽ പണം തിരികെ അടക്കാൻ പറ്റുന്ന സാഹചര്യത്തിൽ ആയിരുന്നില്ല കുടുംബം.

അതേസമയം, സംഭവത്തിൽ ബാങ്ക് മാനേജർക്കെതിരെ കേസെടുക്കും. കാനറ ബാങ്കിന്റെ നെയ്യാറ്റിൻകര മാരായമുട്ടം ബ്രാഞ്ച് മാനേജർക്കെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ബാങ്കിന്റെ നടപടിയെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവർ രംഗത്തു വന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ബാങ്കുകളോടും ജപ്തി നടപടികൾ താൽകാലികമായി നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here