ഏഴ് സംസ്ഥാനങ്ങൾ കടമെടുക്കുന്നത് 14,700 കോടി; കേരളം കടമെടുക്കുന്നത് 2000 കോടി

കടപ്പത്രങ്ങളിലൂടെ വീണ്ടും കടമെടുക്കാനൊരുങ്ങുകയാണ് കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾ. റിസർവ് ബാങ്കിന്റെ ഇ-കുബേർ പ്ലാറ്റ്‌ഫോമിലൂടെ ഈ മാസം മുപ്പതിന് കേരളം കടമെടുക്കുന്നത് രണ്ടായിരം കോടി രൂപയാണ്. കടപ്പത്രങ്ങളിലൂടെ 14,700 കോടി രൂപയാണ് കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾ കടമെടുക്കാനൊരുങ്ങുന്നത്. ( 7 states to borrow 14700 rupees )
കേന്ദ്രബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷൻ ഇ കുബേർ വഴിയാണ് കടപ്പത്രങ്ങളിറക്കുന്നത്. നടപ്പുവർഷത്തെ കേരളത്തിന്റെ ആദ്യ കടമെടുപ്പ് ഈ മാസം 23 നായിരുന്നു. ആയിരം കോടി രൂപയാണ് അന്ന് കടമെടുത്തത്. രണ്ടാം തവണയായി ഈ മാസം മുപ്പതിന് 2000 കോടി രൂപ കൂടി എടുക്കും. ഇതോടെ കേന്ദ്രം അനുവദിച്ച താത്കാലിക കടമെടുപ്പ് പരിധിയെന്ന 3,000 കോടി അവസാനിക്കും. 26 വർഷ കാലാവധിയാണ് കേരളമിറക്കുന്ന കടപ്പത്രങ്ങൾക്ക് . ആന്ധ്രപ്രദേശ് വിവിധ കാലാവധികളുള്ള കടപ്പത്രങ്ങളിറക്കി 3,000 കോടി കടമെടുക്കും. പത്ത് വർഷ കാലാവധിയുള്ള കടപ്പത്രങ്ങളിലൂടെ ആയിരം കോടി വീതമാണ് അസം, ഹരിയാന എന്നീ സംസ്ഥാനങ്ങൾ കടമെടുക്കുന്നത്.
10 മുതൽ 20 വർഷ കാലാവധിയിൽ രാജസ്ഥാൻ 4,000 കോടിയും 20 വർഷ കാലാവധിയിൽ തമിഴ്‌നാട് 1,000 കോടിയും പഞ്ചാബ് 2,700 കോടിയും കടമെടുക്കും. റിസർവ് ബാങ്ക് ഈ മാസം പുറത്തുവിട്ട കണക്കുകളനുസരിച്ച് കേരളം കടമെടുപ്പിൽ ഏറെ പിന്നിലാണ്. തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, രാജസ്ഥാൻ, ബംഗാൾ, ബിഹാർ, പഞ്ചാബ്, തെലങ്കാന, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങൾ കടമെടുപ്പിൽ കേരളത്തിന് മുന്നിലാണെന്നും ആർബിഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
Story Highlights : 7 states to borrow 14700 rupees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here