Advertisement

അമേരിക്കന്‍ കാറ്റടിച്ച് ചാഞ്ചാടി സംസ്ഥാനത്തെ സ്വര്‍ണവില

April 28, 2024
Google News 2 minutes Read
Why Is Gold Price Increasing In India

കഴിഞ്ഞ മൂന്ന് മാസങ്ങളിലായി കനത്ത ചാഞ്ചാട്ടത്തിലാണ് സ്വര്‍ണ വില. പലതവണ റെക്കോഡ് തിരുത്തിയും നേരിയ കുറവ് രേഖപ്പെടുത്തിയും വിപണിയില്‍ അസ്ഥിരത സൃഷ്ടിക്കുകയാണ് സ്വര്‍ണം. രാജ്യാന്തര സാഹചര്യങ്ങളാണ് സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ക്ക് കാരണം. സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം സ്വര്‍ണം പവന് 160 രൂപ ഉയര്‍ന്ന് 53,480 രൂപയും ഗ്രാമിന് 20 രൂപ കൂടി 6,685 രൂപയിലുമെത്തിയിരുന്നു. ഈ മാസം പത്തൊന്‍പതിന് പവന്‍ വില സര്‍വകാല റെക്കോഡായ 54,520 രൂപയിലെത്തി. ഇക്കഴിഞ്ഞ 25 ന് വില പവന് 53,000 രൂപയിലേക്ക് താഴുകയും ചെയ്തു. ഈ മാസം ആദ്യം 50,880 രൂപയായിരുന്നു പവന്‍ വില. ഈ മാസം മാത്രം പവന് മൂവായിരം രൂപയിലേറെ കൂടി. ഒരു പവന്‍ ആഭരണ രൂപത്തില്‍ ലഭിക്കാന്‍ പത്ത് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി എസ് ടിയും കൂട്ടിയാല്‍ 60,000 രൂപയിലേറെ നല്‍കണം. (Why Is Gold Price Increasing In India )

2008ലാണ് പവന്‍ വില 10,000 രൂപ കടക്കുന്നത്. അന്ന് നൂറ് പവന് പത്ത് ലക്ഷം രൂപയായിരുന്നു വില. ഇന്ന് നൂറ് പവന് സ്വര്‍ണവില മാത്രം 53,48,000 രൂപ നല്‍കണം. അന്ന് നൂറ് പവന്‍ വാങ്ങിയിരുന്ന ആളിന് നിക്ഷേപത്തില്‍ 43,48,000 രൂപ മൂല്യ വര്‍ധനയുണ്ടായിട്ടുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സ്വര്‍ണവിലക്കുതിപ്പിന്റെ കാരണങ്ങളന്വേഷിക്കുന്നവര്‍ ചെന്നെത്തുന്നത് അമേരിക്കയിലാണ്. അമേരിക്കന്‍ സന്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഉലച്ചിലുകളാണ് സ്വര്‍ണവിലയിലെ താളം തെറ്റലിന് പ്രധാന കാരണം. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കുമെന്ന വാര്‍ത്തയും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ഡോളറിന്റെ വിലയിടിവുമൊക്കെ ചേര്‍ന്നാണ് പോയ ആഴ്ചകളില്‍ സ്വര്‍ണവില കുത്തനെ കയറ്റിയത്. ഒപ്പം ചൈനയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടിയതും വില കൂടാനിടയാക്കി. ചൈനീസ് കേന്ദ്രബാങ്ക് വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. ഒരു മാസം ചൈനീസ് വനിതകള്‍ സ്വര്‍ണാഭരണങ്ങള്‍ക്കായി ചെലവാക്കുന്നത് 50,000 കോടി രൂപയാണ്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,400 ഡോളര്‍ വരെ കടന്നിരുന്നു. എന്നാല്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ അയവ് വന്നതോടെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. വിവാഹ സീസണും അക്ഷയ തൃതീയയുമൊക്കെയായി സംസ്ഥാനത്ത് സ്വര്‍ണ ആവശ്യം കൂടുന്ന ദിവസങ്ങളിലെ വില വര്‍ധന ഉപഭോക്താക്കളെ വലയ്ക്കും. വില കുറയുന്ന ദിവസങ്ങളില്‍ അഡ്വാന്‍സ് ബുക്കിങ് നടത്തി നേട്ടമുണ്ടാക്കാനാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്.

Story Highlights : Why Is Gold Price Increasing In India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here