കൊൽക്കത്തയിൽ അമിത് ഷായുടെ റാലിക്കിടെ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കുന്നതിന്റെ വീഡിയോ പുറത്ത്

കൊൽക്കത്തയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ സാമൂഹ്യപരിഷ്‌കർത്താവ് ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. അമിത് ഷായുടെ അണികളാണ് പ്രതിമ തകർത്തത്. സ്വാമി വിവേകാനന്ദന്റെ ഭവനത്തിൽ നിന്നും തുടങ്ങിയ റാലി വിദ്യാസാഗർ കോളെജിനടുത്ത് എത്തിയപ്പോൾ സംഘർഷമുണ്ടാകുകയും കോളെജിൽ സ്ഥാപിച്ചിരുന്ന ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കുകയുമായിരുന്നു. അക്രമികൾ കോളെജിലേക്ക് കടന്നു ചെല്ലുന്നതിന്റെയും പ്രതിമ തകർക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.


അമിത് ഷാ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിമ തകർത്തത് തൃണമൂൽ അണികളാണെന്ന് ആരോപണമുന്നയിച്ചിരുന്നു. തൃണമൂൽ മൽസരിക്കുന്നത് ബംഗാളിലെ 42 സീറ്റുകളിൽ മാത്രമാണെന്നും അതുകൊണ്ട് ബംഗാളിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം തൃണമൂലിനാണെന്നും അമിത് ഷാ വാർത്ത സമ്മേളനത്തിൽ ആരോപിച്ചിരുന്നു.

ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് സഹതാപ തരംഗമുണ്ടാക്കാൻ തൃണമൂൽ പ്രവർത്തകർ ചെയ്തതാണെന്നും അമിത് ഷാ പറഞ്ഞു. അവസാന ഘട്ട തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപി 300 ലധികം സീറ്റുകളിൽ വിജയിക്കുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ പ്രചാരണം നടത്തുന്നതിൽനിന്ന് മമതാ ബാനർജിയെ വിലക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More