പ്രധാനമന്ത്രി പദത്തിനായി കോൺഗ്രസ് അവകാശവാദമുന്നയിക്കില്ലെന്ന് പറഞ്ഞിട്ടില്ല : കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്

പ്രധാനമന്ത്രി പദത്തിനായി കോൺഗ്രസ് അവകാശവാദമുന്നയിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സഖ്യസാധ്യതകൾ ഇന്നലെ നടത്തിയ പ്രസ്താവന മയപ്പെടുത്തി കൊണ്ടാണ് ഇന്നത്തെ അദ്ദേഹത്തിന്റെ ഇന്നത്തെ പ്രതികരണം. അതേസമയം പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. എഴ് സംസ്ഥാനങ്ങളിലെ അൻപത്തി ഒൻപത് ലോകസഭാ മണ്ഡലങ്ങളിലേക്കാണ് ഞായറാഴ്ച്ച വോട്ടെടുപ്പ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി അവസാന തെരഞ്ഞെടുപ്പ് പ്രചാരണ റാലി മധ്യപ്രദേശിലെ ഖാർഗോണിലാണ് നടത്തിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഹിമാചൽ പ്രദേശിലാണ് തെരഞ്ഞെടുപ്പ് റാലി നടത്തുന്നത്.
പ്രധാനമന്ത്രി പദത്തിനായി വാശിപിടിക്കില്ലെന്നും സാഹചര്യത്തിനനുസരിച്ച് വിട്ട് വീഴ്ച്ചകൾക്ക് കോൺഗ്രസ് തയ്യാറാണെന്നുമായിരുന്നു ഗുലാം നബി ആസാദ് ഇന്നലെ പ്രതികരിച്ചത്. എന്നാൽ ഇന്ന് അദ്ദേഹം തന്റെ പ്രസ്താവന മയപ്പെടുത്തി. പ്രധാനമന്ത്രി പദത്തിന് അവകാശമുന്നയിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Read Also : കോൺഗ്രസിന് പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് നിർബന്ധമില്ലെന്ന് ഗുലാം നബി ആസാദ്
ഏഴാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ ബി ജെ പിയെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിലെ അവസാന പ്രചാരണ റാലിയാണിതെന്നും അദ്ദേഹം ഭൂരിപക്ഷ സർക്കാരിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം മധ്യപ്രദേശിലെ ഖാർഗോണിൽ പറഞ്ഞു.
543 ലോക്‌സഭാ മണ്ഡലങ്ങളിൽ ശേഷിയ്ക്കുന്ന 59 ഇടത്തേക്കാണ് ഞയറാഴ്ച വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം പശ്ചിമ ബംഗാളിലെ പ്രചരണം ഇന്നലെ രാത്രി പത്ത് മണിക്ക് അവസാനിച്ചു. സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് എഴുനൂറിലധികം കന്പനി കേന്ദ്രസേനയെയാണ് പശ്ചിമ ബംഗാളിൽ വിന്യസിച്ചിരിക്കുന്നത്. സുരക്ഷ ക്രമീകരങ്ങൾ പൂർണ്ണമായും സൈന്യം ഏറ്റെടുത്തു. ബീഹാറിലെ 8; ഹിമാചൽ പ്രദേശിലെ 4; ജാർഖണ്ടിലെ 3; മദ്ധ്യപ്രദേശിലെ 8; പഞ്ചാബിലെ 13; ഉത്തർ പ്രദേശിലെ 13; പശ്ചിമ ബംഗാളിലെ 9 ചണ്ടിഗ്ഡിലെ 1 ഉം സീറ്റുകളാണ് അവസാന ഘട്ടത്തിൽ വോട്ട് ചെയ്യുക. പ്രധാന മന്ത്രി നരേന്ദ്ര മോദി അടക്കമുളള പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നാണ് നരേന്ദ്രമോദി ജനവിധി തേടുക. ഉത്തർപ്രദേശിൽ മഹാസഖ്യവും ബി ജെ പിയും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. കോൺഗ്രസും നേർക്ക് നേർ വരുന്ന മധ്യപ്രദേശിലും എൻ ഡി എ ഘടകക്ഷിയായ ശിരോമണി അകാലിദളിനെതിരെ മത്സരിക്കുന്ന പഞ്ചാപിൽ നിന്നും കോൺഗ്രസ് നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഹിമാചൽ പ്രദേശിലും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലുമാണ് ഇന്ന് പ്രചാരണം നയിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here