നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; അറസ്റ്റിലായവർക്കെതിരെ ഗാർഹിക പീഡനത്തിനും കേസ് രജിസ്റ്റർ ചെയ്യും

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായവർക്കെതിരെ ഗാർഹിക പീഡനത്തിനും കേസ് രജിസ്റ്റർ ചെയ്യും. കഴിഞ്ഞദിവസം ലഭിച്ച മൊഴികളുടെയും പുതിയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. പ്രതികളുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
അറസ്റ്റിലായ നാല് പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കേസെടുത്തിരുന്നത്. എന്നാൽ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഉൾപ്പെടെ കഴിഞ്ഞദിവസം വിശദമായ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗാർഹിക പീഡനത്തിനും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വൈഷ്ണവിയുടെ സഹപാഠികൾ നൽകിയ മൊഴിയിലും ഇത്തരം സൂചനകൾ ഉണ്ടായിരുന്നു.
ആത്മഹത്യാ കുറിപ്പിൽ മന്ത്രവാദത്തെക്കുറിച്ച് പരാമർശമുണ്ടെങ്കിലും അന്വേഷണസംഘത്തിന് ഇതു സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടില്ല. മരിച്ച ലേഖയുടെ സഹോദരിയൊഴികെ ആരും മന്ത്രവാദം സംബന്ധിച്ച് മൊഴികൾ നൽകിയിട്ടുമില്ല.
ഈ സാഹചര്യത്തിൽ അറസ്റ്റിലായ നാല് പേരുടെയും മൊബൈൽഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. കുടുംബവുമായി ബന്ധമുള്ള മന്ത്രവാദികളെയും പൂജാരിമാരെയും ഫോൺകോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്താനാകുമെന്ന പ്രതീക്ഷയും അന്വേഷണ സംഘത്തിനുണ്ട്. തിങ്കളഴ്ചക്ക് ശേഷമാകും പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ സമർപ്പിക്കുക. കാനറ ബാങ്ക് നെയ്യാറ്റിൻകര ശാഖയിലെ ഉദ്യോഗസ്ഥരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. വായ്പയുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളും അന്വേഷണ സംഘം പരിശോധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here