പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻ ഇമാമിന് ജാമ്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന തൊളിക്കോട് പള്ളി മുൻ ഇമാം ഷഫീഖ് അൽ ഖാസിമിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. ഷഫീഖ് ഖാസിമി പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. വിതുര പൊലീസ് പോക്സോ കുറ്റം ചുമത്തി കഴിഞ്ഞ മാർച്ച് ഏഴിനാണ് ഖാസിമിയെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഷഫീഖ് അൽ ഖാസിമി പ്രദേശത്തെ സ്‌കൂളിൽ നിന്നും മടങ്ങി വന്ന വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറിൽ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തിൽ കാർ കണ്ടതിനെ തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിലേർപ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികൾ വാഹനം തടഞ്ഞുവെങ്കിലും ഖാസിമി വിദ്യാർത്ഥിയുമായി കടക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഖാസിമിക്ക് വേണ്ടി പൊലീസ് പല സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഒരു മാസത്തിന് ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഇയാളെ പള്ളി ചുമതലകളിൽ നിന്നും നീക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here