Advertisement

മുൻ മന്ത്രി കടവൂർ ശിവദാസൻ അന്തരിച്ചു

May 17, 2019
Google News 0 minutes Read
minister kadavoor sivadasan passes away

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കടവൂർ ശിവദാസൻ അന്തരിച്ചു. 87 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം പിആർഎസ് ആശുപത്രിയിൽ പുലർച്ചെ 4.50 നായിരുന്നു അന്ത്യം.

1932 മാർച്ച് 11നാണ് എം കേശവൻ ലക്ഷ്മി ദമ്പതികളുടെ മകനായി കടവൂർ ശിവദാസന്റെ ജനനം. കൊല്ലം ബോയ്‌സ് ഹൈസ്‌കൂളിലും എസ് എൻ കോളജിലുമായി വിദ്യാഭ്യാസം . എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദമെടുത്ത് അഭിഭാഷകനായി. ആർഎസ്പിയിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി. 1980 ൽ കൊല്ലം മണ്ഡലത്തിൽ കോൺഗ്രസിലെ സിവി പത്മരാജനെ തോൽപ്പിച്ച് നിയമസഭയിലെത്തി.

ശ്രീകണ്ഠൻ നായർക്കൊപ്പം ആർഎസ്പി വിട്ട് ആർഎസ്പിഎസ് രൂപീകരിച്ചു. 81 അവസാനം കെ. കരുണാകരൻ മന്ത്രിസഭയിൽ വനം തൊഴിൽ വകുപ്പുകളുടെ മന്ത്രിയായി. 82ൽ കൊല്ലത്ത് ആർഎസ്പിഎസ് സ്ഥാനാർഥിയായി ജയം. അധികാരമേറ്റ കരുണാകരൻ മന്ത്രിസഭയിൽ തൊഴിൽ എക്‌സൈസ് മന്ത്രിയായി. അന്നു മുതൽ കരുണാകരൻ ഡിഐസി രൂപീകരിക്കുന്നതു വരെ അദ്ദേഹത്തിന്റെ ഉറച്ച അനുയായിയായിരുന്നു.82 ൽ കടവൂർ ശിവദാസനും പാർട്ടിയും കോൺഗ്രസിൽ ലയിച്ചു. 91 ലും 96 ലും കൊല്ലത്തു നിന്നും 2001 ൽ കുണ്ടറയിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി നിയമസഭയിലെത്തി.

ചാരക്കേസിനെ തുടർന്ന് കെ കരുണാകരൻ രാജിവെച്ചപ്പോൾ അധികാരമേറ്റ എ കെ ആന്റണി മന്ത്രിസഭയിൽ വനം ഗ്രാമവികസന മന്ത്രിയായി. 2001 ൽ ആന്റണി മന്ത്രിസഭയിൽ ആദ്യം വൈദ്യുതി മന്ത്രിയായും പിന്നീട് ആരോഗ്യമന്ത്രിയായും പ്രവർത്തിച്ചു. 2006 ൽ കുണ്ടറയിൽ എംഎ ബേബിയോട് പരാജയപ്പെട്ട ശേഷം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തോട് വിട പറഞ്ഞു. കൊല്ലം ഡി സി സി പ്രസിഡന്റായും കെ പി സി സി ജനറൽ സെക്രട്ടറിയായും സംഘാടക മികവ് തെളിയിച്ചു. ജനീവയിലെ രാജ്യാന്തര തൊഴിൽ സംഘടന സമ്മേളനത്തിൽ പങ്കെടുത്ത കടവൂർ ശിവദാസൻ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡ് എന്ന ആശയം പിന്നീട് കേരളത്തിൽ മുന്നോട്ടു വെച്ചു. വൈദ്യുതി മന്ത്രിയായിരിക്കെ വൈദ്യുതി തകരാർ വേഗം പരിഹരിക്കാൻ മൊബൈൽ സ്‌ക്വാഡിനെ നിയോഗിച്ചു. സംസ്‌കൃത ഭാഷയിൽ പാണ്ഡിത്യമുണ്ടായിരുന്ന കടവൂർ ശിവദാസന്റെ പ്രസംഗങ്ങളിൽ ഭഗവദ് ഗീതയും ഉപനിഷത്തുമൊക്കെ കടന്നു വരാറുണ്ടായിരുന്നു. ഭാര്യ: ആർ വിജയമ്മ, മക്കൾ : മിനി ,ഷാജി ശിവദാസൻ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here