മോദിക്ക് ക്ലീൻ ചീറ്റ്; അശോക് ലവാസയെ കുറ്റപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയെ കുറ്റപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ഇത് ഒഴിവാക്കാമായിരുന്ന വിവാദമാണെന്നായിരുന്നെന്നും ഒരു വിഷയത്തിൽ ഏകാഭിപ്രായമുണ്ടാകണമെന്നില്ലെന്നും സുനിൽ അറോറ പറഞ്ഞു.
പദവിയിൽ ഇരിക്കുമ്പോൾ അഭിപ്രായ വ്യത്യാസം പരസ്യപ്പെടുത്താറില്ല. വ്യത്യസ്ത അഭിപ്രായം യോഗത്തിനുള്ളിൽ പറഞ്ഞാലും അത് പരസ്യമാക്കാറില്ലെന്നും വിരമിച്ച ശേഷം പുസ്തകം എഴുതുമ്പോഴോ മറ്റോ ആണ് ഇത്തരം അഭിപ്രായങ്ങൾ പുറത്ത് വന്നിട്ടുള്ളതെന്നും സുനിൽ അറോറ പറഞ്ഞു. മുമ്പും സമിതി അംഗങ്ങൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടായിട്ടുണ്ടെന്നും ഒരു സമിതിയിലെ അംഗങ്ങൾ എപ്പോഴും ഒരേ അഭിപ്രായം തന്നെ ഒരു കാര്യത്തിൽ പറയണമെന്നില്ലെന്നും സുനിൽ അറോറ വ്യക്തമാക്കി. പെരുമാറ്റച്ചട്ട ലംഘന പരാതികൾ പരിഗണിക്കുന്ന മുഖ്യ ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ അടങ്ങുന്ന മൂന്നംംഗ സമിതിയിലെ അംഗമാണ് ലവാസ.
നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് അന്തിമ ഉത്തരവിൽ ഉൾപ്പെടുത്താതിരുന്നതിനെത്തുടർന്ന് മെയ് നാല് മുതൽ കമ്മീഷൻ യോഗങ്ങളിൽ നിന്ന് ലവാസെ വിട്ടുനിൽക്കുകയാണ്. പെരുമാറ്റച്ചട്ടം ലംഘിച്ച കേസിൽ പ്രധാനമന്ത്രിക്ക് നോട്ടീസ് അയയ്ക്കണമെന്നായിരുന്നു ലവാസയുടെ വാദം. ഇത് മറ്റ് അംഗങ്ങൾ അംഗീകരിച്ചില്ല.
മെയ് മൂന്നിന് ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച എല്ലാ കേസുകളിലും അമിത് ഷായ്ക്കും പ്രധാനമന്ത്രിക്കും ക്ലീൻചിറ്റ് നൽകാൻ തീരുമാനിച്ചത്. പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആറ് പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ എത്തിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here