തോമസ് ഐസക്കിനും വിഎസിനുമെതിരെ വിവാദ പരാമർശങ്ങളുമായി സി ദിവാകരൻ

ധനമന്ത്രി തോമസ് ഐസക്കിനും വി എസ് അച്യുതാനന്ദനുമെതിരെ വിവാദ പരാമർശങ്ങളുമായി സി പി ഐ നേതാവും എം എൽ എയുമായ സി.ദിവാകരൻ. വി എസ് സർക്കാരിന്റെ കാലത്ത് സി പി ഐ മന്ത്രിമാരുടെ ഫയൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക് അനാവശ്യമായി തടഞ്ഞുവെച്ചിരുന്നതായി ദിവാകരൻ ആരോപിച്ചു. ഭരണ പരിഷ്‌ക്കരണ കമ്മീഷൻ പൂർണ്ണ പരാജയമാണെന്ന് കുറ്റപ്പെടുത്തിയ ദിവാകരൻ, നിയമസഭാ സമിതിയുടെ പ്രവർത്തനം സർക്കാർ തടസ്സപ്പെടുത്തുന്നുവെന്നും ആരോപിച്ചു..
വിഎസ് മന്ത്രിസഭയിലെ സി പി ഐ മന്ത്രിമാരുടെ ഫയലുകൾ ധനമന്ത്രിയായിരുന്ന തോമസ് ഐസക് അനാവശ്യമായി തടഞ്ഞുവെച്ചിരുന്നതായാണ് സി ദിവാകരന്റെ ആരോപണം. ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട തർക്കത്തിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന് മുന്നിൽ താൻ ഫയൽ വലിച്ചെറിഞ്ഞതായും സി ദിവാകരൻ പറഞ്ഞു.
നിയമസഭാ സമിതികളുടെ പ്രവർത്തനം സർക്കാർ തടസപ്പെടുത്തുന്നുവെന്ന ഗുരുതര ആരോപണവും ദിവാകരൻ ഉന്നയിച്ചു. വിഴിഞ്ഞം കരാർ സംബന്ധിച്ച ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും സർക്കാർ കൈമാറിയില്ലെന്നും ദിവാകരൻ പറഞ്ഞു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡി സാജുവിന്റെ അനുസ്മരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു ദിവാകരന്റെ വിവാദ പരാമർശങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here