ഒരു വ്യാജവാർത്തയുടെ പേരിൽ സ്വയം അസ്തിത്വം തെളിയിക്കേണ്ട അവസ്ഥ നമുക്ക് വന്നാൽ ?

ദിനംപ്രതി ഒട്ടേറെ വ്യാജവാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. മതവും രാഷ്ട്രീയവും വിനോദവും ആരോഗ്യവും എന്ന് വേണ്ട, സകല വിഷയത്തിലും വ്യാജവാർത്തകൾ പെരുകിക്കൊണ്ടിരിക്കുന്നു. ഇതിൽ തന്നെ വളരെ വ്യാപകമായി പ്രചരിക്കുന്ന ഒന്നാണ് സെലബ്രറ്റികളുടെ മരണം.

പലരെയും സോഷ്യൽ മീഡിയ യാതൊരു ദാക്ഷിണ്യവുമില്ലാതെ കൊന്നിട്ടുണ്ട്. ‘പയറു’ പോലെ ജീവിച്ചിരിക്കുന്ന പലരും മരിച്ചു എന്ന് നവമാധ്യമങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. പലപ്പോഴും തങ്ങൾ മരിച്ചിട്ടില്ലെന്ന് സ്വയം വെളിപ്പെടുത്തേണ്ട അവസ്ഥയാണ് താരങ്ങൾക്ക് വന്നിട്ടുള്ളത്. മാമുക്കോയ, കനക, എരഞ്ഞോളി മൂസ തുടങ്ങിയവരെയൊക്കെ പലവട്ടം നവ മാധ്യമങ്ങൾ കൊന്നിട്ടുണ്ട്. മൂവരും തങ്ങൾ മരിച്ചിട്ടില്ലെന്ന് നേരിട്ടറിയിക്കുകയും ചെയ്തു. കനക പത്രസമ്മേളനം നടത്തിയാണ് താൻ ജീവിച്ചിരിപ്പുണ്ടെന്ന് ലോകത്തെ അറിയിച്ചത്.

പലപ്പോഴും വെറുമൊരു തമാശയ്ക്കാണ് ഇത്തരം വാർത്തകൾ പടച്ചു വിടുന്നത്. അത് അവർ പോലുമറിയാതെ വൈറലാവുന്നു. ഇനി മനപൂർവ്വം ഒരു ബഹളമുണ്ടാക്കണമെന്നുറപ്പിച്ച് ഇത്തരം വാർത്തകൾ നിർമ്മിക്കുന്നവരുമുണ്ട്. എന്തു തന്നെയായാലും ഇത്തരം വ്യാജവാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന അരക്ഷിതാവസ്ഥ വളരെ വലുതാണ്. താൻ മരിച്ചിട്ടില്ലെന്ന് സ്വയം പ്രഖ്യാപിക്കേണ്ടി വരുന്ന ഒരാളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. തനിയാവർത്തനം എന്ന സിനിമയിൽ ബാലൻ മാഷ് താൻ ഭ്രാന്തനല്ലെന്ന് സമൂഹത്തോട് വാദിക്കുമ്പോഴും അയാളങ്ങനെയാണെന്ന് സമൂഹം വാദിക്കുകയും അയാളങ്ങനെയായി മാറുകയും ചെയ്യുന്ന രീതിയാണ് ഇവിടെയും. സ്വയം നിലനിൽക്കുന്നുണ്ടെന്നും അതിജീവിക്കുന്നുണ്ടെന്നും മറ്റുള്ളവർ തീരുമാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ!

ഒരർത്ഥത്തിൽ ജീവിതത്തിലൊന്നുമാകാൻ കഴിയാതെ പോയ ചിലരുടെ ഫ്രസ്ട്രേഷനും ഇത്തരം വാർത്തകളിൽ കാണാം. ഇത്തരം പ്രചരണങ്ങളുടെ പിന്നാമ്പുറത്തു നിന്നുമാണ് ദിവസവും നമ്മൾ കിടക്കയിലേക്ക് പോകുന്നത്. സത്യമേതാണെന്നും കള്ളമേതാണെന്നുമുള്ള തിരിച്ചറിവിനു പോലും അവകാശമില്ലാതെ പോകുന്ന നമ്മൾ ശരിക്കും ഇരകളിൽ തന്നെ പെടുന്നു എന്നതാണ് മറ്റൊരു കാര്യം.

ശരി, ഇനി ഇതിലെന്താണ് നമ്മുടെ റോൾ? ഇത്തരം ഒരു മെസേജെത്തുമ്പോൾ, ഒരു പോസ്റ്റ് കാണുമ്പോൾ ചാടിക്കേറി ഷെയർ ബട്ടൺ അമർത്തുകയല്ല വേണ്ടത്. ആ വാർത്തയ്ക്കു പിന്നിലെ സത്യാവസ്ഥ അറിയാൻ ശ്രമിക്കണം. ഒന്നുകിൽ മുൻനിര മാധ്യമങ്ങൾ ആരെങ്കിലും ആ വാർത്ത കൊടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാം. അഞ്ചിഞ്ചിൽ ലോകം മുഴുവൻ ഒരു ടച്ച് അകലത്തിലുള്ള ഇക്കാലത്ത് അതിനു ബുദ്ധിമുട്ടുണ്ടാവില്ലല്ലോ. അതല്ലെങ്കിൽ, ഈ വാർത്ത എവിടെ നിന്ന് വന്നു എന്ന് പരിശോധിച്ച് ആ വഴിക്ക് സത്യാവസ്ഥ പരിശോധിക്കുക. ഒരു വ്യാജവാർത്തയുടെ പേരിൽ സ്വയം അസ്തിത്വം തെളിയിക്കേണ്ട അവസ്ഥ നമുക്ക് വന്നാലെന്ത് എന്നാലോചിച്ചാൽ ഈ പരിശോധന എളുപ്പമാകും.

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

Top