Advertisement

ഉംറ തീര്‍ത്ഥാടകരെ വഞ്ചിച്ച് ലക്ഷങ്ങളുമായി മുങ്ങിയ ട്രാവല്‍ ഏജന്‍സി ഉടമ കീഴടങ്ങി

May 19, 2019
Google News 0 minutes Read

ഉംറ തീര്‍ത്ഥാടകരെ വഞ്ചിച്ച് ലക്ഷങ്ങളുമായി മുങ്ങിയ ട്രാവല്‍ ഏജന്‍സി ഉടമ കീഴടങ്ങി. ഗ്ലോബല്‍ ഗൈഡ് ട്രാവല്‍സ് ഉടമ മണ്ണാര്‍ക്കാട് സ്വദേശി അക്ബര്‍ അലിയാണ് കീഴടങ്ങിയത്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്ന് നൂറിലധികം തീര്‍ഥാടകരുടെ കൈയ്യില്‍ നിന്നാണ് അക്ബര്‍ അലി ക്യാഷ് തട്ടിയെടുത്തത്. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

പ്രതിയുടെ വീട്ടിലും ഓഫീസുകളിലും പൊലീസ് പരിശോധന ശക്തമാക്കിയതിന് പിന്നാലെയാണ് പ്രതി അക്ബര്‍ അലി കീഴടങ്ങിയത്. മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയായിരുന്നു കീഴടങ്ങല്‍. കോഴിക്കോട്, പാലക്കാട്, മേലാറ്റൂര്‍ എന്നിവിടങ്ങളിലാണ് ഗ്ലോബല്‍ ഗൈഡ് ട്രാവല്‍സിന് ഏജന്‍സികളുണ്ടായിരുന്നത്.

കുറഞ്ഞ ചിലവില്‍ ഉംറ തീര്‍ത്ഥാടനം വാഗ്ദാനം ചെയ്ത് 55000 രൂപ വീതം വാങ്ങി 83 പേരെയാണ് ഏജന്‍സി മക്കയിലെത്തിച്ചത്. എന്നാല്‍ തീര്‍ഥാടനം പൂര്‍ത്തിയാക്കിയ ഇവര്‍ക്ക് തിരികെ വരാനുള്ള ടിക്കറ്റ് റദ്ദാക്കിയ അക്ബര്‍ അലി ആ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. തട്ടിപ്പ് ഇരയായി വിദേശത്ത് കുടുങ്ങിയവര്‍ സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെയാണ് പിന്നീട് നാട്ടിലെത്തിയത്.

ഇതിനിടെ മേലാറ്റൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നായി 40ലേറെ പേരില്‍ നിന്ന് ഉംറയ്ക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ വീണ്ടും പണം വാങ്ങി. ഇവര്‍ക്ക് പോകേണ്ട സമയമായപ്പോഴേക്കും ഏജന്‍സി ഉടമ അക്ബര്‍ അലി മുങ്ങി. ഇതുമായി ബന്ധപ്പെട്ട് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. മനപൂര്‍വമല്ലെന്നും സാമ്പത്തികമായി ചതിക്കപ്പെട്ടു എന്നുമാണ് പ്രതിയുടെ മൊഴി. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here