‘ മാപ്പു പറയാൻ മാത്രം ഞാൻ ചെയ്ത തെറ്റെന്താണ്?’: ട്രോൾ വിവാദത്തിൽ വിവേക് ഒബ്‌റോയ്

ട്രോൾ വിവാദത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. തന്നോട് മാപ്പു പറയാനാണ് എല്ലാവരും ആവശ്യപ്പെടുന്നതെന്നും എന്നാൽ തെറ്റ് ചെയ്തിട്ടുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു. എഎൻഐയോടാണ് വിവേകിന്റെ പ്രതികരണം.

ആളുകൾ താൻ മാപ്പു പറയണമെന്നാണ് ആവശ്യപ്പെടുന്നത്. ക്ഷമ ചോദിക്കുന്നതിൽ തനിക്ക് പ്രശ്‌നമില്ല. പക്ഷേ താൻ ചെയ്ത തെറ്റെന്താണെന്ന് പറയണം. ആരോ ഒരാൾ ഒരു മീം ട്വീറ്റ് ചെയ്തു. അത് താൻ ആസ്വദിക്കുകയാണ് ചെയ്തത്. അത് തയ്യാറാക്കിയ ആളിന്റെ കഴിവിനെ താൻ പ്രശംസിച്ചു. ആളുകൾ അത് ഇത്ര വലിയ വിഷയമാക്കി എടുക്കുന്നത് എന്തിനാണെന്ന് തനിക്ക് അറിയില്ല. നിങ്ങളെ ഒരാൾ കളിയാക്കുകയാണെങ്കിൽ അതൊരു വലിയ വിഷയമായി എടുക്കരുതെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു.


ആ മീമിൽ ഉള്ളവർക്ക് അതൊരു പ്രശ്‌നമല്ല. എന്നാൽ മറ്റുള്ളവർക്കാണ് പ്രശ്‌നം. ഒരു പണിയുമില്ലാത്തവരാണ് ഇത് വിഷയമാക്കുന്നത്. അവർക്ക് തന്റെ ചിത്രങ്ങളെ തടയാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് അവർ ഈ വഴി നോക്കുന്നതെന്നും വിവേക് കൂട്ടിച്ചേർത്തു.

എക്‌സിറ്റ് പോൾ പ്രവചനം ബോളിവുഡ് താരം ഐശ്വര്യയുമായി ബന്ധപെടുത്തി വിവേക് ഒബറോയി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ട്രോളാണ് വിവാദമായത്. ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും മകൾ ആരാധ്യയുടേയും പടം ഉപയോഗിച്ചുണ്ടാക്കിയ ട്വിറ്റർ ട്രോൾ ഷെയർ ചെയ്താണ് ഒബ്‌റോയ് ചർച്ചയ്ക്കിടയാക്കിയത്. സൽമാൻ ഖാനും താനും ഉൾപ്പെടുന്ന എക്‌സിറ്റ് പോൾ ട്രോളാണ് ഐശ്വര്യയെ കേന്ദ്ര കഥാപാത്രമാക്കി വിവേക് ഷെയർ ചെയ്തത്. രാഷ്ട്രീയമല്ല, ഇത് ജീവിതമാണ് എന്ന തലക്കെട്ടോടെയായിരുന്നു ഐശ്വര്യയുടെ പ്രണയവും വിവാഹവും കഥയാക്കിയ ട്രോൾ വിവേക് ഷെയർ ചെയ്തത്.

സംഭവത്തിൽ വിശദീകരണം ആവശ്യപെട്ട് ദേശീയ വനിതാ കമ്മീഷൻ രംഗത്തെത്തിയിരുന്നു. ചിത്രം സ്ത്രീവിരുദ്ധമാണെന്നാണ് വനിതാ കമ്മീഷന്റെ വിലയിരുത്തൽ. ബോളിവുഡ് താരം സോനം കപൂർ, ബാഡ്മിന്റൺ താരം ജ്വാല ഗുട്ട എന്നിവർ വിവേകിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു.


ഐശ്വര്യ റായ് ആദ്യം പ്രണയിച്ചത് സൽമാൻ ഖാനെയായിരുന്നു. ഇരുവരുടേയും ബന്ധം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യയുടെ ജീവിതത്തിലേക്ക് വിവേക് ഒബ്‌റോയ് എത്തുന്നത്. ഈ ബന്ധം തകർന്നതോടെയാണ് ഐശ്വര്യ റായ് അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നതും ഇരുവരും വിവാഹം കഴിക്കുന്നതും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More