ഷാർജപള്ളി അമീൻ തങ്ങളായി ജഗതി ശ്രീകുമാർ എത്തുന്നു

ഏഴ് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ജഗതി ശ്രീകുമാർ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നു എന്ന വാർത്ത അദ്ദേഹത്തെ സ്‌നേഹിക്കുന്ന പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കബീറിന്റെ ദർശനം എന്ന ചിത്രത്തിന് പിന്നാലെ മറ്റൊരു ചിത്രത്തിൽ കൂടി അഭിനയിക്കാൻ ഒരുങ്ങുകയാണ് ജഗതി ശ്രീകുമാർ. നവാഗതനായ സൂരജ് സുകുമാർ സംവിധാനം ചെയ്യുന്ന ‘ ബി നിലവറയും ഷാർജപള്ളിയും’ എന്ന ചിത്രത്തിൽ ഒരു മുഴു നീള കഥാപാത്രമായാണ് ജഗതി ശ്രീകുമാർ എത്തുക. ചിത്രത്തിൽ നായക കഥാപാത്രത്തിന്റെ അച്ഛനായാണ് ജഗതി അഭിനയിക്കുക. ഷാർജപള്ളി അമീൻ തങ്ങൾ എന്ന കഥാപാത്രത്തെയാകും ജഗതി അവതരിപ്പിക്കുക. സംവിധായകൻ സൂരജ് ഫേസ്ബുക്കിലൂടെയാണ് ജഗതി തന്റെ ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം അറിയിച്ചത്.

നോട്ടത്തിലും ഇരിപ്പിലും മട്ടിലും ഗാംഭീര്യമുള്ള ഒരു കഥാപാത്രമായിരിക്കും ജഗതി ശ്രീകുമാർ അവതരിപ്പിക്കുക എന്ന് സൂരജ് പറയുന്നു. ജഗതി ശ്രീകുമാറിന്റെ നിലവിലെ അവസ്ഥയിലുള്ള ഒരു കഥാപാത്രമായിരിക്കും ഷാർജപള്ളി അമീൻ തങ്ങൾ. സൈജു കുറുപ്പാകും ചിത്രത്തിൽ നായകനായി എത്തുക. ഇക്കാര്യം രണ്ട് ദിവസത്തിനുള്ളിൽ സ്ഥിരീകരിക്കുമെന്ന് സൂരജ് പറഞ്ഞു. ഷാർജ പള്ളി സത്താർ എന്ന കഥാപാത്രത്തെയായിരിക്കും സൈജു കുറുപ്പ് അവതരിപ്പിക്കുക. നായക പ്രാധാന്യം എന്നതിലുപരി ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാകും ചിത്രം പറയുക. ജഗതി ശ്രീകുമാറിനെ കണ്ട് അഭിനയിക്കുന്ന കാര്യം സ്ഥിരീകരിച്ചുവെന്നും ജൂൺ പതിനാലിനോ, ജൂലൈ ഒന്നിനോ അദ്ദേഹം സിനിമയുടെ ഭാഗമാകുമെന്നും സൂരജ് കൂട്ടിച്ചേർത്തു.

മക്ബൂൽ സൽമാൻ, മണിക്കുട്ടൻ, അനീഷ് ഗോപാൽ, വിനീത് വിശ്വൻ (അങ്കമാലി ഡയറീസ്), ജോമോൻ ജോഷി, രാജ്കുമാർ, ശശി കലിംഗ, ആർ ജെ ഫിറോസ്, മാമുകോയ, അനീഷ് റഹ്മാൻ തുടങ്ങി നീണ്ട താരനിര സിനിമയിലുണ്ട്. പുതുമുഖമായിരിക്കും ചിത്രത്തിലെ നായിക. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ദീപാവലിയോടനുബന്ധിച്ചാകും ചിത്രം തിയേറ്ററുകളിൽ എത്തുക.

അനാമിക, മൻവാ തുടങ്ങി ഒട്ടേറെ ആൽബങ്ങളിലൂടെ ശ്രദ്ധേയനായ സൂരജ്, സ്‌ക്രീൻ ടച് കേരള ഷോർട് ഫിലിം പ്രീമിയർ ലീഗിലെ പ്രഥമ സീസണിലെ മികച്ച സംവിധായകനായിരുന്നു. പത്മനാഭാ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ബി നിലവറയും ഷാർജപള്ളിയും ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അരുൺ കായംകുളം, ഹരി, സൂരജ് എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം അരുൺ ടി ശശി നിർവഹിക്കുന്നു.

Top