വിശാല പ്രതിപക്ഷ കൂട്ടായ്മ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു; മായാവതി ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും

എക്‌സിറ്റ്‌പോൾ ഫലങ്ങൾ വന്നെങ്കിലും ഭരണത്തിലെത്താനുള്ള സഖ്യ രൂപികരണ ശ്രമങ്ങൾ തുടരാനാണ് വിവിധ പാർട്ടികളുടെയും മുന്നണികളുടെയും തിരുമാനം. വിശാല പ്രതിപക്ഷ കൂട്ടായ്മ രൂപികരിയ്ക്കുന്നതിന്റെ ഭാഗമായി ചന്ദ്രബാബു നായിഡുവിന് പിന്നാലെ മായാവതി കോൺഗ്രസ് അധ്യക്ഷനെയും സോണിയാഗാന്ധിയെയും ഇന്ന് സന്ദർശിക്കും. അതേസമയം അനിവാര്യമായ സാഹചര്യത്തിൽ ഉപയോഗിയ്ക്കാനുള്ള പിന്തുണ ഉറപ്പാക്കാൻ ബിജെപി ദേശിയ നേത്യത്വവും ശ്രമങ്ങൾ ശക്തമാക്കി.
എല്ലാ പ്രവചനങ്ങളും വിരൽ ചൂണ്ടുന്നത് രണ്ടാം എൻ.ഡി.എ സർക്കാരിന്റെ സാധ്യതളിലേക്കാണ്. എന്നാൽ പ്രവചനങ്ങളുടെ ആധികാരികത എത്രത്തോളം ഉണ്ടെന്ന സംശയത്തിലാണ് ബി.ജെ.പി യും കോൺഗ്രസും ഉൾപ്പടെയുള്ള പാർട്ടികൾ. അതുകൊണ്ട് തന്നെ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ സഖ്യ രൂപികരണ ശ്രമങ്ങൾ തുടരാനാണ് എല്ലാ പാർട്ടികളുടെയും ശ്രമം. പ്രധാനമന്ത്രി സ്ഥാനത്ത് കണ്ണുള്ള ബിഎസ്പി അധ്യക്ഷ മായാവതി ഇതിന്റെ ഭാഗമായ് ഇന്ന് ഡൽഹിയിലെത്തും. കോൺഗ്രസ് അധ്യക്ഷനും സോണിയാ ഗാന്ധി അടക്കമുള്ളവരുമായും കൂടിക്കാഴ്ച്ചയാണ് ലക്ഷ്യം.
തൂക്ക് മന്ത്രിസഭ ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി പദത്തിലേക്ക് തനിക്ക് പിന്തുണ മായാവതി അഭ്യർത്ഥിയ്ക്കും. ത്യണമുൾ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയും ബി.ജെ.പി ഇതര സർക്കാർ രൂപീകരണ നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ്. മമത അടുത്ത ദിവസം തന്നെ ഡൽഹിയിൽ എത്തും. ആന്ധ്രയിലേക്ക് മടങ്ങിയ ചന്ദ്രബാബു നായിഡുവും നാളെ ഡൽഹിയിൽ മടങ്ങി എത്തുന്നുണ്ട്. ഫലം വരുന്ന ദിവസത്തെ കോൺഗ്രസ് വിളിച്ച കൂട്ടായ്മയിൽ ഒരുമിച്ച് കൂടാനും പ്രതിപക്ഷപാർട്ടികൾ തിരുമാനിച്ചു.
അതേസമയം എതെങ്കിലും സാഹചര്യത്തിൽ ഭൂരിപക്ഷത്തിന് കുറവുണ്ടായാൽ പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്താനാണ് ബി.ജെ.പി യുടെയും ശ്രമം. ഇതിനായ് രാം മാധവിന്റെ നേത്യത്വത്തിൽ ജെ.പി നദ്ദ; സുനിൽ ദിയോദ്കർ; ഗോവർധൻ സഡഫിയ എന്നി വിശ്വസതരുടെ നേത്യത്വത്തിൽ ബി.ജെ.പി അദ്ധ്യക്ഷൻ ഒരു സമിതിയെ നിയോഗിച്ചു. ബിഎസ്പി, ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, ടിആർഎസ് എന്നീപാർട്ടികൾ അടക്കമുള്ളവരുമായി അനൗദ്യോഗിക ചർച്ചകൾ നടത്തുകയാണ് ലക്ഷ്യം.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗ് പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തും. പുതിയ സർക്കാരിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളകും ആർഎസ്എസ് അധ്യക്ഷനുമായി നരേന്ദ്രമോദി നടത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here