വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് പ്രതിപക്ഷ പാർട്ടികൾ; തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി

വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. കോൺഗ്രസ് ഉൾപ്പെടെ 22 പ്രതിപക്ഷ പാർട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. വോട്ടിംഗ് യന്ത്രങ്ങൾ സ്വകാര്യ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വാർത്തകൾ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തി. വിശദമായ നിവേദനം നൽകിയാണ് പ്രതിപക്ഷ നേതാക്കൾ മടങ്ങിയത്. വോട്ടെണ്ണുമ്പോൾ വിവി പാറ്റ് സ്ലിപ്പുകൽ ആദ്യം എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 1.30 ന് ഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ യോഗം ചേർന്നതിന് ശേഷമാണ് പ്രതിപക്ഷ കക്ഷി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. വിവി പാറ്റുകൾ എണ്ണുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ രീതിയിൽ പാകപിഴവ് ഉണ്ടെന്നും അത് പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയുടെ അന്തസത്തയെ ലംഘിക്കുന്ന നടപടികൾ കമ്മീഷന്റെ ഭാഗത്തു നിന്നും ഉണ്ടാകരുത്. വോട്ടിംഗ് മെഷീനിലെ വോട്ടും വിവി പാറ്റിലെ വോട്ടും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ വിവി പാറ്റിന് പ്രാധാന്യം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷ നേതാക്കളുടെ ആവശ്യം നാളെ പരിഗണിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് കനിമൊഴി ഉൾപ്പെടെയുള്ളവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി ബോധിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here