ശബരിമല; ദേവസ്വം മന്ത്രി കാര്യങ്ങൾ തിരിച്ചറിഞ്ഞിട്ടും മുഖ്യമന്ത്രിക്ക് ഇനിയും നേരം വെളുത്തിട്ടില്ലെന്ന് കെ.മുരളീധരൻ

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്നും ഇത് യുഡിഎഫിന് ഗുണം ചെയ്തുവെന്നും കെ.മുരളീധരൻ എം.എൽ.എ പറഞ്ഞു. ദേവസ്വം മന്ത്രി കാര്യങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രിക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലെന്നും കെ.മുരളീധരൻ പറഞ്ഞു. കോഴിക്കോട് രാജീവ് ഗാന്ധി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ലണ്ടനിൽ പോയത് ഖജനാവിലെ പണം ഉപയോഗിച്ചാണെങ്കിൽ കുടുംബാംഗങ്ങളെ കൂട്ടിയത് തെറ്റാണ്.
പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോഴുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്ര പരിശോധിക്കണമെന്നും അദാനി നൽകിയ കമ്മീഷൻ കൊണ്ടാണോ യാത്ര നടത്തിയതെന്ന് പിണറായി വിജയൻ പറയണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു. മോദിക്ക് കേരളത്തിൽ ഏറ്റവും പ്രിയം പിണറായി വിജയനെയാണ്. പ്രതിപക്ഷ നേതാവിനോട് പോലും മാന്യമായി സംസാരിക്കാൻ പിണറായിക്ക് ആകുന്നില്ലെന്നും കെ.മുരളീധരൻ ആരോപിച്ചു. ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാധിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.
ശബരിമലയിൽ സർക്കാർ തെറ്റായൊന്നും ചെയ്തിട്ടില്ലെങ്കിലും കുറേ പേരെ കബളിപ്പിക്കാൻ വർഗീയ ശക്തികൾക്ക് കഴിഞ്ഞുവെന്നാണ് കടകംപള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഈ അഭിപ്രായത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് രംഗത്തെത്തിയിരുന്നു. ശബരിമലയിൽ സംഭവിക്കാൻ പാടില്ലാത്തതിന് കാരണക്കാർ ആരാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും ശബരിമലയെ സംരക്ഷിക്കാനാണ് സർക്കാർ എപ്പോഴും നടപടി എടുത്തിട്ടുള്ളതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here