കമൽ ഹാസന്റെ നാവരിയുമെന്ന് ഭീഷണിപ്പെടുത്തിയ തമിഴ്‌നാട് മന്ത്രിക്കെതിരെ മക്കൾ നീതി മയ്യം പരാതി നൽകി

കമൽ ഹാസന്റെ നാവരിയുമെന്ന് ഭീഷണിപ്പെടുത്തിയ തമിഴ്‌നാട് മന്ത്രി രാജേന്ദ്ര ബാലാജിക്കെതിരെ നിയമ നടപടിക്കൊരുങ്ങി മക്കൾ നീതി മയ്യം. മന്ത്രിക്കെതിരെ പാർട്ടി വൈസ് പ്രസിഡന്റ് ആർ മഹേന്ദ്രൻ, ജനറൽ സെക്രട്ടറി എ അരുണാചലം എന്നിവരാണ് പരാതിയുമായി പൊലീസ് കമ്മീഷണറെ സമീപിച്ചത്.

മെയ് പതിനാറിന് കുരൂർ ജില്ലയിൽവെച്ച് മന്ത്രിയുടെ ആഹ്വാന പ്രകാരം ചിലർ കമൽ ഹാസനെ ആക്രമിച്ചുവെന്ന് മക്കൾ നീതി മയ്യം നേതാക്കൾ പരാതിയിൽ ആരോപിക്കുന്നു. മാനനഷ്ടത്തിനും സമാധാനം ലംഘിക്കുന്ന തരത്തിൽ പ്രകോപനമുണ്ടാക്കിയതിനും ബാലാജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്‌സെയ്‌ക്കെതിരെ കമൽ ഹാസൻ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് നാവരിയുമെന്ന ഭീഷണിയുമായി രാജേന്ദ്ര ബാലാജി രംഗത്തെത്തിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് ഗോഡ്‌സെയാണെന്നുമായിരുന്നു കമൽ ഹാസന്റെ പ്രസ്താവന. ഇതിന് മറുപടിയായി മെയ് 13 ന് അരവകുറിച്ചി ലോക്‌സഭാ മണ്ഡലത്തിൽ നടന്ന റാലിയിലാണ് രാജേന്ദ്ര ബാലാജി കമൽ ഹാസനെതിരെ ഭീഷണി മുഴക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top